ഭക്തി നിർഭരമായ ചടങ്ങുകളോടെ പാഴൂരിൽ മഹാശിവരാത്രി കൊണ്ടാടി
പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ഭക്തി നിർഭരമായ ചടങ്ങുകളോടെ കൊണ്ടാടി. നേരം പുലർന്നതോടെ തന്നെ ഭക്തർ പാഴൂരിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ പെരും തൃക്കോവിലപ്പനെ ശിവേലിക്കായി എഴുന്നള്ളിച്ചു. പാമ്പാടി സുന്ദരൻ പെരുംതൃക്കോവിലപ്പന്റെയും ചെർപ്പുളശ്ശേരി മണികണ്ഠൻ കൃഷ്ണന്റെയും വേമ്പനാട്ട് അർജുൻ ശാസ്താവിന്റെയും തിടമ്പേറ്റി. തുടർന്ന് തിരുമറയൂർ ഗിരിജൻമാരാരുടെ പ്രമാണത്തിൽ നൂറിൽപരം കലാകാരൻന്മാർ പങ്കെടുത്ത മേജർസെറ്റ് പഞ്ചാരിമേളം നടന്നു . ഉച്ചക്ക് മാമ്മലക്കവല നിരപ്പേൽ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് അഭിഷേകക്കാവടികൾ ഘോഷയാത്രയായി പെരുംതൃക്കോവിലിലെത്തി. തുടർന്ന് ഉച്ചപ്പൂജയും ആയിരങ്ങൾ പങ്കെടുത്ത മഹാപ്രസാദ ഊട്ടും നടന്നു. തുടർന്ന് രാത്രി പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവരാത്രി വിളക്കിനായി മണപ്പുറത്തേക്ക് വിളക്കിനെഴുന്നള്ളിപ്പ് നടന്നു.
മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി പിതൃമോക്ഷം നേടി.
ചിത്രം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച നടന്ന ശീവേലി.
