പാഴൂരിലെ സ്വർണ്ണ മോഷ്ട്ടാവിനെ പോലീസ് പിടികൂടി
പിറവം: പാഴൂർ മാമലകവലയിൽ വെള്ളൂക്കാട്ടിൽ ജോർജിന്റെ വീട്ടിൽ നിന്നും 18 പവൻ സ്വർണവും ലാപ്ടോപ്പും കവർച്ച ചെയ്ത കേസിൽ മലപ്പുറം പനച്ചിപ്പാറ പാറയോലിക്കൽ സുരേഷിനെ (63) പിറവം പൊലീസ് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം കേസിൽ സുരേഷ് പ്രതിയാണ്. കഴിഞ്ഞ ക്രിസ്തുമസ് രാത്രി കുടുംബാംഗങ്ങൾ ഡൽഹിക്കു പോയ സമയത്തായിരുന്നു മോഷണം. തെളിവു നശിപ്പിക്കുന്നതിനു സിസിടിവി തകരാറിലാക്കി ഹാർഡ് ഡിസ്‌കും കൊണ്ടു പോയെങ്കിലും അന്വേഷണ സംഘത്തിനു ഇയാളുടെ വിരലടയാളം ലഭിച്ചിരുന്നു. തുടർന്നു മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്നു തമിഴ് നാട്ടിൽ പൊലീസ് സംഘം പോയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വ വൈകിട്ടു മലപ്പുറം പാണ്ടിക്കാട്ടു നിന്നാണ് പിടികൂടിയത്. മോഷണ കേസിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സുരേഷ് അടുത്തയിടെയാണു പുറത്തിറങ്ങിയത്. നേരത്തെ പിറവം നാമക്കുഴിയിൽ പള്ളിയിൽ നടന്ന മോഷണത്തിൽ പിടിയിലായിട്ടുണ്ട്. പിറവം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.സൈദുമുഹമ്മദ്, ബിജു എൻ പി, ജോസ്.കെ.ഫിലിപ്പ്, എ.എസ്.ഐ സന്ദീപ് രാമൻ, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
ചിത്രം : സുരേഷ് .
