യാത്രക്കാരെ കുഴിയിൽ വീഴിച്ചു പിറവം കരവട്ടെ കുരിശ് -പഴയ പഞ്ചായത്ത് കവല റോഡ് .
പിറവം : ഇരു ചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത നിലയിൽ പൊട്ടിപ്പൊളിഞ്ഞു കുഴികൾ രൂപാന്തരപ്പെട്ട് യാത്രക്കാരെ അപകടത്തിലാക്കുന്ന പിറവം കരവട്ടെ കുരിശ്- പഴയ പഞ്ചായത്ത് കവല റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പിറവം പഞ്ചായത്ത് സഹകരണ ബാങ്കും, വളം ഡിപ്പോയും, റേഷൻ കടയും , മെഡിക്കൽ ഷോപ്പും പ്രവർത്തിക്കുന്ന ഈ റോഡിൽ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഗതാഗത പരിഷ്ക്കാരത്തിന്റെ ഭാഗമായി വൺവേ ആയി മാറിയ റോഡിൽ കരവട്ടെ കുരിശങ്കൽ നിന്നും താഴേക്ക് മാത്രമാണ് സഞ്ചരിക്കാൻ പറ്റുന്നത്. വീതി കുറഞ്ഞ റോഡയതിനാൽ പലപ്പോഴും വാഹനങ്ങൾ കാനയിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണ് . ഏതാനും മീറ്ററുകൾ മാത്രം ദൂരമുള്ള ഈ റോഡിൻറെ അറ്റകുറ്റ പണികൾ പോലും ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല . എത്രയും വേഗം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ഈ റോഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.