Back To Top

February 28, 2025

പാനമഹോത്സവം: കളമ്പൂക്കാവിൽ ദാരിക നിഗ്രഹമാടി: ഇന്ന് ചരിത്ര പ്രസിദ്ധമായ വലിയപാന

 

പിറവം: കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ പാന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ചെറിയപാന നടന്നു. ദാരിക ദാനവേന്ദ്രന്മാരെ നിഗ്രഹിക്കാൻ അവതരിച്ച ഭദ്രകാളിയും അസുരന്മാരും തമ്മിലുണ്ടായ ഉഗ്രയുദ്ധവും അസുര നിഗ്രഹവും പ്രതീകവത്ക്കരിച്ച് നടക്കുന്ന അനുഷ്ഠാനങ്ങളാണ് പാന എന്ന പേരിൽ കാവിൽ അരങ്ങേറുന്നത്. പാനപ്പുരയിൽ പൂജ, ശ്രീലകത്ത് ഉച്ചപ്പൂജ എന്നിവയെ തുടർന്നാണ് പാനക്കഞ്ഞി വിതരണം നടന്നത്. പാനക്കാർക്ക് പാനക്കഞ്ഞി നൽകിയ ശേഷം മുഴുവൻ ഭക്തർക്കും പാനക്കഞ്ഞി നൽകി. കുത്തിയെടുത്ത പാളയിൽ പാനക്കഞ്ഞിയും തൂശനിലയിൽ ചക്കപ്പുഴുക്ക് മുതിരപ്പുഴുക്ക്, അസ്ത്രം തുടങ്ങിയ പാരമ്പര്യ വിഭവങ്ങളും നൽകി. ജാതി മതഭേദമന്യേ ആയിരങ്ങൾ പാനക്കഞ്ഞികഴിക്കാനെത്തി. പാനപ്പുര പൂജ,ഉച്ചപ്പൂജ,പാനതുളളൽ പാനക്കഞ്ഞിവിതരണം എന്നിവയെ തുടർന്ന് 2.30 ന് ദേവിയെ പാന നടയിലേയ്ക്ക് എഴുന്നളളിച്ചു.

മേളരത്നം തിരുമറയൂർ സുരേഷ്മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി. ധീവര സഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെളളൂർ ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ )പുഴയിലൂടെ കാവിലേയ്ക്ക് എഴുന്നളളിക്കുന്ന കാഴ്ച്ച കാണാൻ ആയിരങ്ങൾ പുഴയുടെ ഇരു കരകളിലുമായി തടിച്ചുകൂടിയിരുന്നു. വൈകീട്ട് ദീപാരാധനയെ തുടർന്ന് തിരുവാതിരകളി, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കളമ്പൂർ ഗ്രാമശ്രിയുടെ കോൽകളി, നാടകം എന്നിവ നടന്നു. ഇന്ന് വലിയ പാന ദിവസം ആയിരക്കണക്കിന് ഭക്തർ പാനക്കഞ്ഞി വഴിപാടിൽ പങ്കെടുക്കും . തുടർന്ന് പതിവുപോലെ കെട്ടുകാഴ്ചകൾ പുഴയിലൂടെ കാവിൽ എത്തിച്ചേരും .

 

ചിത്രം: കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ ചെറിയ പാനയോടനുബന്ധിച്ചു പാനപ്പുര പൂജകഴിഞ്ഞു ദേവിയുടെ അനുചരന്മാരായി മാറിയ പാനക്കാർ പാന തുള്ളി കാവിന് പ്രദക്ഷിണം വയ്ക്കുന്നു

.

Prev Post

ആശ പ്രവർത്തകർക്കുള്ള അന്ത്യശാസന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

Next Post

വിശപ്പ് രഹിത പിറവം – കനിവ് , നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷണ…

post-bars