കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പാന മഹോത്സവം – ഒരുക്കങ്ങൾ പൂർത്തിയായി
പിറവം: ചരിത്ര പ്രസിദ്ധമായ കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിലെ പാന
മഹോത്സവം മാർച്ചു 9 മുതൽ 12 വരെയുള്ള തീയതികളിലായി നടക്കും . 9 ന് പുലർച്ചേയാണ് പടയണി. കത്തിച്ച ചൂട്ടുകറ്റകളുമായി ദേവീ സ്തുതികൾ പാടി ഭക്തസംഘങ്ങൾ കാവിന് പ്രദക്ഷിണം വയ്ക്കും. രാവിലെ 7 ന് പുരാണ പാരായണം, 8.30 ന് നാരായണീയ പാരായണം, വൈകീട്ട് 6.30 ന് ദീപാരാധന, 7 ന് ചാക്യാർകൂത്ത് 9 ന് അരിയേറ് വിളക്ക്. രാത്രിഅരിയേറത്താഴസദ്യ. ചെറിയപാന ദിവസമായ 10 ന് രാവിലെ 7.30 മുതൽ പുരാണപാരായണം, 10.30 ന് സോപാനസംഗീതം 11ന് സമാദരണചടങ്ങു് 11.30 ന് ഉച്ചപൂജ, പാനപ്പുര പൂജ, പാനതുള്ളൽ, പാനക്കഞ്ഞി വിതരണം 2.30 ന് ദേവിയെ പാന നടയിലേയ്ക്ക് എഴുന്നളളിക്കും. മേളരത്നം തിരുമറയൂർ സുരേഷ്മാരാരുടെ പ്രമാണത്തിൽ ചെണ്ടമേളം അകമ്പടിയാകും. ധീവര സഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെള്ളൂർ ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ) പുഴയിലൂടെ കാവിലേയ്ക്ക് എഴുന്നള്ളിക്കുന്ന കാഴ്ച്ച കാണാൻ ആയിരങ്ങൾ ഇരുകരകളിലും ഒഴുകിയെത്തും, വൈകീട്ട് ദീപാരാധനയെ തുടർന്ന് 7മണി മുതൽ തിരുവാതിരകളി, 8 മുതൽ കുട്ടികളുടെ നൃത്തനൃത്യങ്ങൾ തുടർന്ന് 10 ന് പത്തനംതിട്ട മുദ്രയുടെ “ചോറ്റാനിക്കര അമ്മ” ബാലെയുമുണ്ട്.
മൂന്നാം ഉത്സവമായ 11 ന് പ്രസിദ്ധമായ വലിയപാന. ദേവി ദാരികനെ നിഗ്രഹിക്കുന്നതിനെ പ്രതീകവത്ക്കരിക്കുന്ന ചടങ്ങുകളാണ് വലിയ പാന നാളിൽ നടക്കുന്നത്. രാവിലെ 7.30 മുതൽ പുരാണപാരായണം, 10 ന് ഓട്ടൻതുള്ളൽ, 11.30 മുതൽ ഉച്ചപ്പൂജയെ തുടർന്ന് 2.30 ന് ആരംഭിക്കുന്ന പാനഎഴുന്നള്ളിപ്പിന് ക്ഷേത്രവാദ്യകലാരത്നം തിരുമറയൂർ ഗിരിജൻ നാരായണമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയാകും. വൈകിട്ട് 7 മുതൽ തിരുവാതിരകളികൾ, 8 മണിക്ക് കുട്ടികളുടെ നൃത്തനൃത്യങ്ങൾ, 9 മുതൽ താലപ്പൊലി. 10 ന് പാലാ കമ്മ്യൂണിക്കേഷന്റെ നാടകം .സമാപന ദിവസമായ 12 ന് തൂക്കമാണ് പ്രധാനം. ഉച്ചയ്ക്ക് പാനപ്പുരയിൽ വലിയ ഗുരുതി. വൈകീട്ട് ദീപാരാധനയെ തുടർന്നു് ദേവിയെ കീഴ്ക്കാവിലേയ്ക്ക് എഴുന്നള്ളിക്കും. തുടർന്ന് 7 ന് ഒറ്റത്തൂക്കം, ദേശതാലപ്പൊലി, രാത്രി 12 ന് ദാരികൻ തൂക്കം തുടർന്ന് ഗരുഡൻ തൂക്കം എന്നിവ നടക്കും. പണ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭരണസമിതി എക്സിക്യൂട്ടിവ് ഓഫീസർ എൻ.സി ശ്രീകുമാർ ക്ഷേത്രം ഉപദേശക സമതി പ്രസിഡൻ്റ് എം.എസ്.കൃഷ്ണകുമാർ കമ്മറ്റി അംഗങ്ങളും എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.