വഴിവിളക്കുകളില്ല; പെരുവംമൂഴി റോഡിൽ യാത്രാദുരിതം
പിറവം : രാമമംഗലം, പെരുവംമൂഴി റോഡിൽ വഴിവിളക്കുകളുടെ കുറവ് മൂലം രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതി. കക്കാട് മുതൽ പെരുവംമൂഴി വരെയുള്ള 13 കിലോമീറ്ററോളം റോഡിൽ പലയിടങ്ങളിലും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിർമാണം നിലച്ചതോടെ മിക്കയിടത്തും റോഡ് തകർന്ന നിലയിലാണ്. വഴിവിളക്കുകൾ കൂടി ഇല്ലാതായതോടെ മഴക്കാലത്ത് റോഡിലൂടെയുള്ള യാത്രാ ദുരിതം വർധിപ്പിക്കുന്നു. പുഴയോരത്ത് പൂർത്തിയാകാത്ത സംരക്ഷണഭിത്തികളും ഭാഗികമായി പൊളിച്ച കലുങ്കുകളും എല്ലാം റോഡിന്റെ ഭാഗമാണ്. പരിചയമില്ലാത്ത വാഹനങ്ങൾ രാത്രി അപകടത്തിൽ പെടുന്നതിനുള്ള സാധ്യത ഉള്ളതായി യാത്രക്കാർ പരാതിപ്പെട്ടു.