ലോക സഭ മണ്ഡല പുനർ വിഭജനം സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചാകണം :- ഫ്രാൻസിസ് ജോർജ് എം.പി
പിറവം : ലോക്സഭാ മണ്ഡലങ്ങളുടെ പുനർ വിഭജനം നടത്തുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി പരിഗണിച്ചാകണമെന്നും അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.
ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർ നിർണയം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ ചെന്നൈയിൽ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ ജനസംഖ്യയിൽ കുറവ് ഉണ്ടായിട്ടില്ല. ഉത്തർപ്രദേശ്, ബീഹാർ,മധ്യപ്രദേശ് എന്നിങ്ങനെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക സഭ മണ്ഡലങ്ങളുടെ എണ്ണം കൂടുകയും ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ കുറയുകയും ചെയ്യും. എണ്ണം കൂടുന്ന സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നതും കൂടുതൽ ലോക്സഭാ അംഗങ്ങൾ ഉള്ളതും ബി.ജെ.പി.ക്കാണന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നീക്കമനുസരിച്ച് മണ്ഡലം പുനൽ നിർണയം നടത്തിയാൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം വലീയ തോതിൽ വർദ്ധിക്കും. അതിനായുള്ള രഹസ്യ അജണ്ടയാണ് ഇതിൻ്റെ പിന്നിലെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.