ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചും സര്‍വീസ് റദ്ദാക്കിയും കെഎസ്ആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുu
കൂത്താട്ടുകുളം : ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചും സര്‍വീസ് റദ്ദാക്കിയും കെഎസ്ആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.കൂത്താട്ടുകുളം-കോട്ടയം റൂട്ടിലാണു യാത്രാക്ലേശം രൂക്ഷമായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കൃത്യമായി സര്‍വീസ് നടത്താത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ദേശസാത്കൃത പാതയായ എംസി റോഡില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ മാത്രമാണു യാത്രക്കാര്‍ക്ക് ആശ്രയം. 11 ബസുകളാണു കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ 4 സര്‍വീസുകള്‍ മിക്ക ദിവസവും റദ്ദാക്കുന്നു. ജീവനക്കാരുടെ പുതിയ ഡ്യൂട്ടി പരിഷ്കരണം നിലവില്‍ വന്നതിനു ശേഷമാണു ബസുകളുടെ എണ്ണം കുറഞ്ഞത്. കണ്ടക്ടര്‍മാരുടെ എണ്ണവും കുറവാണ്. കോട്ടയത്തേക്കു രാവിലെ 7നും 8നും 8.40നുമുള്ള ബസുകള്‍ ഇപ്പോള്‍ ഓടുന്നില്ല.10000 രൂപയോളം വരുമാനമുള്ള സര്‍വീസുകളാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങുന്നത്. രാവിലെയുള്ള സര്‍വീസ് ആയതിനാല്‍ ജോലിക്കു പോകുന്നവരും വിദ്യാര്‍ഥികളുമാണു കൂടുതല്‍ വലയുന്നത്.കൂത്താട്ടുകുളം ഡിപ്പോയിലെ ബസുകള്‍ പലതും കട്ടപ്പുറത്താണ്. 52 കണ്ടക്ടര്‍മാരുള്ള ഡിപ്പോയില്‍ ഇപ്പോള്‍ 40 പേരാണു ജോലിക്കെത്തുന്നത്. 12 കണ്ടക്ടര്‍മാര്‍ സ്ഥലം മാറ്റം ലഭിച്ചു മറ്റു ഡിപ്പോകളിലേക്കു പോയപ്പോള്‍ പകരം എത്തിയത് 4 പേര് മാത്രമാണെന്നു ഡിപ്പോ അധികൃതര്‍ പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ള ജീവനക്കാരെ കൂടുതലായി നിയമിച്ചതും സര്‍വീസുകളെ ബാധിച്ചു. ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നതു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളെയാണ്. സ്വിഫ്റ്റ് ഉള്‍പ്പെടെ ദീര്‍ഘദൂര ബസുകള്‍ എംസി റോഡിലൂടെ ഓടുന്നുണ്ട്. പക്ഷേ ഇവ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തില്ല. നിരക്കു കൂടുതലുമാണ്. സ്ഥിരം യാത്രക്കാര്‍ക്ക് ആശ്രയം ഓര്‍ഡിനറി ബസുകളാണ്.