ബൈക്ക് മോഷണക്കേസിലെ പ്രതികളെ കൂത്താട്ടുകുളം പോലീസ് പിടികൂടി.
കൂത്താട്ടുകുളം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ കൂത്താട്ടുകുളം പോലീസ് പിടികൂടി. പാലക്കുഴ കോഴിപ്പള്ളി സ്വദേശി പീടിക പറമ്ബില്‍ അക്ഷയ് അനീഷ് (18), അക്ഷയയുടെ സുഹൃത്തായ കാരമല സ്വദേശിയുമാണ് പോലീസ് പിടിയിലായത്.ഇരുവരും കൂത്താട്ടുകുളത്തേയും വഴിത്തലയിലേയും സ്കൂള്‍ വിദ്യാര്‍ഥിയാണ്. രണ്ടാംപ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
കൂത്താട്ടുകുളത്തു നിന്ന് നാല് ബൈക്കുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൂത്താട്ടുകുളം റിലയൻസ് പെട്രോള്‍ പമ്ബിനു സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തു നിന്ന് മൂന്നു ബൈക്കുകളും, 13 നു ഈ ഭാഗത്തുള്ള വീട്ടില്‍ നിന്ന് മറ്റൊരു ബൈക്കും പ്രതികള്‍ മോഷ്ടിച്ചു.
സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ ബൈക്ക് മോഷണത്തിനെത്തിയത് 13 ന് ഇവര്‍ മോഷ്ടിച്ച ബൈക്കിന്‍റെ നിറം മാറ്റിയശേഷമാണ്. യൂട്യൂബ് സഹായത്തോടെയാണ് വാഹനം മോഷ്ടിക്കേണ്ട വിധം പഠിച്ചെടുത്തത്. വാഹനത്തിന്‍റെ കളര്‍ മാറ്റാനുള്ള രീതികളും താക്കോല്‍ ഇല്ലാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള വിധവും ഇത്തരത്തില്‍ മനസിലാക്കി.
ഡിവൈഎസ്പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടര്‍ പി.ജെ. നോബിള്‍, എസ്‌ഐ പി.എൻ.പ്രതാപൻ, എസ് സിപിഒ മാരായ കെ.വി.മനോജ് കുമാര്‍, പി.കെ. മനോജ്, ആര്‍.രേജീഷ്, കെ.വി. അഭിലാഷ്, ടി.ജി.സുനീഷ്, ഐ.സി. മോള്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.