കാര്‍ഷികമേഖലയായ പിറവം ആതിഥ്യമരുളുന്ന ആദ്യത്തെ റവന്യൂ ജില്ലാ സ്കൂള്‍ കലാമാമാങ്കത്തിന് ആവേശക്കൊടിയേറ്റം.
പിറവം: കാര്‍ഷികമേഖലയായ പിറവം ആതിഥ്യമരുളുന്ന ആദ്യത്തെ റവന്യൂ ജില്ലാ സ്കൂള്‍ കലാമാമാങ്കത്തിന് ആവേശക്കൊടിയേറ്റം.ആദ്യ ദിനത്തില്‍ 45 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 105 പോയിന്റോടെ എറണാകുളം ഉപജില്ലയാണ് മുന്നില്‍. 99 പോയിന്റോടെ മട്ടാഞ്ചേരി രണ്ടാം സ്ഥാനത്തും അങ്കമാലി (96), നോര്‍ത്ത് പറവൂര്‍ (95), മൂവാറ്റുപുഴ (94) ഉപജില്ലകള്‍ മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനത്തുണ്ട്. ഓരോ ഉപജില്ലയും ഇഞ്ചോടിച്ച് പോരാടുന്ന കാഴ്ച. മുന്നിട്ടുനില്‍ക്കാനുള്ള വാശിയേറിയ പോരാട്ടമാണ് ഓരോ സ്കൂളും നടത്തുന്നത്.സ്കൂളുകളില്‍ 38 പോയിന്റോടെയെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. വടക്കൻ പറവൂര്‍ ശ്രീനാരായണ എച്ച്.എസ്.എസ് (29) തൊട്ടുപിന്നാലെയുണ്ട്, കല്ലൂര്‍ക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് (27), പെരുമ്ബാവൂര്‍ ഒക്കല്‍ എസ്.എൻ.എച്ച്.എസ്.എസ്, പെരുമ്ബാവൂര്‍ ഗവ. എച്ച്.എസ് എന്നീ സ്കൂളുകള്‍ 26 പോയിന്റോടെ നാലാം സ്ഥാനത്തുമുണ്ട്. ഇതുവരെ വിവിധ മത്സരങ്ങളില്‍ ആറ് അപ്പീലുകളാണ് ആദ്യദിനത്തില്‍ ലഭിച്ചത് രചനാ മത്സരങ്ങള്‍ക്കൊപ്പം മോണോ ആക്ട്, മിമിക്രി, നാടൻ പാട്ട് എന്നീ സ്റ്റേജ് മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്.
എറണാകുളം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. രാജു പാണാലിക്കല്‍, മുനിസിപ്പല്‍ വൈസ് ചെയര്മാൻ കെ.പി. സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ. ബിമല്‍ ചന്ദ്രൻ, വത്സല വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാനം ഇന്ന് രാവിലെ 9.30ന് വലിയ പള്ളിപാരിഷ് ഹാളില്‍ മന്ത്രി പി.രാജീവ് നിര്‍വഹിക്കും. ഒപ്പന, ദഫ്മുട്ട്, കഥകളി, നാടകം, മോഹിനിയാട്ടം, കഥാപ്രസംഗം തുടങ്ങിയ 23 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.