Back To Top

September 1, 2024

കൂത്താട്ടുകുളം –  പാലാ റോഡിന്റെ തകരാർ കണ്ടെത്തുന്നതിനായുള്ള പരിശോധന രണ്ടാം ദിവസവും നടന്നു.

കൂത്താട്ടുകുളം : കൂത്താട്ടുകുളം –

പാലാ റോഡിന്റെ തകരാർ കണ്ടെത്തുന്നതിനായുള്ള പരിശോധന രണ്ടാം ദിവസവും നടന്നു. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ആണ് പരിശോധനകൾ ആരംഭിച്ചത്.

 

പ്രാഥമിക പരിശോധനകളുടെ ഭാഗമായി റോഡിൽ കൂടുതൽ തകരാറുകൾ സംഭവിച്ചിരിക്കുന്ന ഭാഗങ്ങൾ അടയാളപ്പെടുത്തിയിരുന്നു. അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ നിന്നും റോഡ് നിർമ്മാണത്തിനായി ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിക്കുന്ന ജോലികളാണ് രണ്ട് ദിവസങ്ങളിലായി നടന്നത്.

 

കോർ കട്ടർ, സോ കട്ടർ എന്നിവയുടെ സഹായത്തോടെയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. റോഡിന്റെ അടി പ്രതലം മുതൽ മുകൾഭാഗം വരെയുള്ള ലയറുകൾ ലഭിക്കും വിധമാണ് സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്.

 

 

പ്രാഥമിക പരിശോധനയിൽ തന്നെ ടാറിങ് മിശ്രിതത്തിൽ ആവശ്യത്തിന് മെറ്റിൽ ഇല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു പോൾ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിയൻ ജോസ്, കൂത്താട്ടുകുളം പിഡബ്ല്യുഡി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയുടെ ഭാഗമായി.

കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

 

 

മാരുതി കവലയ്ക്ക് സമീപം നടന്ന പരിശോധനയ്ക്കിടയിൽ സാമ്പിൾ ശേഖരിക്കുന്നതിനായി കുഴിച്ച കുഴിയിൽ വെള്ളത്തിന്റെ അംശം അധികമായി കാണപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പമ്പിങ് ലൈൻ ലീക്കായി എത്തിയ വെള്ളമായാണ് നിഗമനം. പമ്പിങ് ലൈനിലെ സപ്ലൈ അവസാനിച്ചതോടെ ഈ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ വരവും നിൽക്കുകയായിരുന്നു.

മുൻപ് ഈ ഭാഗത്ത് റീ ടാറിങ് നടന്നപ്പോഴും സമാന അവസ്ഥ ഉണ്ടായിരുന്നു.

 

 

പരിശോധനകൾക്ക് ശേഷം റോഡിലെ കുഴികൾ അടച്ച് റോഡ് യാത്ര യോഗ്യമാക്കും. റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് സാമ്പിളുകൾ ലാബിൽ പരിശോധന നടത്തിയ ശേഷം വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പിഡബ്ല്യുഡി ചീഫ് എൻജിനീയറുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം പരിശോധനകൾ നടത്തിയത്.

 

ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചു എന്ന് അവകാശപ്പെട്ട റോഡ് ഉദ്ഘാടനം കഴിഞ്ഞ് എട്ടാം ദിവസം പൊളിയുകയായിരുന്നു. തുടർന്ന് നിരവധി പ്രാവശ്യം റീ ടാറിംഗ് നടത്തിയെങ്കിലും റോഡ് തകരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതേത്തുടർന്ന് നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് ബോബൻ വർഗീസ് അന്ന് വിജിലൻസിൽ പരാതി നൽകിയിരുന്നു. ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനകൾക്ക് ശേഷം റോഡ് തകരാൻ ഉണ്ടായ കാരണം കണ്ടെത്തി വേണ്ട പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസത്തിലാണ് പ്രദേശവാസികൾ.

 

ഫോട്ടോ : കൂത്താട്ടുകുളം പാലാ റോഡിൽ മാരുതി കവലയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

Prev Post

റോഡിന് കുറുകെ വീണ മരത്തിൽ ഓട്ടോറിക്ഷ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു

Next Post

സൗജന്യ നേത്ര പരിശോധന ക്യാമ്പ് .

post-bars