Back To Top

May 2, 2024

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം.ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിർദേശം നല്‍കിയത്.

 

സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നല്‍കി. വിവിധ ജില്ലകളിലെ സാഹചര്യം ജില്ല കലക്ടർമാർ വിശദീകരിച്ചു.

രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നിർമാണ തൊഴിലാളികള്‍, കർഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച്‌ ജോലി സമയം ക്രമീകരിക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മാർക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കുകയും വേണം.

 

Prev Post

പിറവത്ത് മെയ് ദിന റാലിയും പൊതുയോഗവും നടത്തി.

Next Post

കോടതിയിൽ എത്തിയ സ്ത്രി കുഴഞ്ഞു വീണത് ആശങ്ക പരത്തി .     …

post-bars