മോനിപ്പള്ളിയില്‍ അറ്റകുറ്റപ്പണിക്ക് ശേഷം വർക്ക് ഷോപ്പ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് കത്തിനശിച്ചു.
കോട്മോടയം : മോനിപ്പള്ളിയില്‍ അറ്റകുറ്റപ്പണിക്ക് ശേഷം വർക്ക് ഷോപ്പ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് കത്തിനശിച്ചു.മോനിപ്പള്ളി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ ബസാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ സമീപത്തെ വാഹനങ്ങള്‍ മാറ്റിയതിനാല്‍ വൻ തീപിടിത്തം ഒഴിവായി.
തീപിടിത്തത്തില്‍ ബസ് പൂർണമായും കത്തിനശിച്ചു. വർക്ക് ഷോപ്പിലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം സർവീസ് ചെയ്ത് ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കയറ്റുന്നതിനായി സജ്ജമാക്കിയിരുന്ന ബസാണ് അഗ്നിക്കിരിയായത്. ഞായറാഴ്ച അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയതിന് ശേഷം ഡ്രൈവർ വാഹനം ഓടിച്ചു നോക്കിയിരുന്നു. ഇതിന് ശേഷമാണ് ഇവിടെ പാർക്ക് ചെയ്തത്.എന്നാല്‍ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ വാഹനത്തില്‍ തീപിടിക്കുകയായിരുന്നു. സംഭവം ആദ്യം കാണുന്നത് സമീപത്തെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയാണ്. പിന്നാലെ പ്രദേശവാസികളും സംഭവസ്ഥലത്തെത്തി. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് തീയണക്കാൻ ശ്രമങ്ങള്‍ നടത്തിയത്. പിന്നാലെ കുറവിലങ്ങാട് പോലീസും കൂത്താട്ടുകുളം അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്‌കൂള്‍ അധികൃതർ അറിയിച്ചു.