കളമ്പൂരിൽ വീടിന്റെ ഓടും മച്ചും പൊളിച്ച് മോഷണം: എട്ട് പവൻ ആഭരണങ്ങൾ കവർന്നു
പിറവം: കളമ്പൂക്കാവിനടുത്ത് വീട്ടിൽ മോഷണം. വീടിൻ്റെ മേൽ കൂരയിലെ ഓടും മച്ചും പൊളിച്ച് അകത്ത് കടന്ന് അലമാരയിൽ നിന്ന് എട്ട് പവനോളം സ്വർണാഭരണങ്ങൾ കവർന്നു. കാവിന് സമീപം നെടുന്തുരിത്തിൽ ദിലീപ് കുമാറിന്റെ വീട്ടിലാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴിനും രാത്രി ഒൻപതരയ്ക്കുമിടയിൽ മോഷണം നടന്നത്.
വീട്ടുകാർ കാവിൽ പാനയുത്സവത്തിന് പോയ സമയത്താണ് സംഭവം. ഏഴ് ഗ്രാം തൂക്കമുള്ള അഞ്ച് വളകളും ഓരോ പവൻ്റെ രണ്ട് മാലകളും രണ്ട് ഗ്രാം വീതമുള്ള മൂന്ന് മോതിരങ്ങളും പതക്കവും മകൻ്റെ ചെറിയ ടാബുമാണ് നഷ്ടപെട്ടത് . അലമാരയിൽ സൂക്ഷിരുന്ന ബാഗുകൾ പുറത്ത് വരാന്തയിൽ ഡെസ്ക്കിന് മുകളിൽ നിരത്തി വെച്ച നിലയിലും കാണപ്പെട്ടു.
ഓടും മച്ചും പെളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ തടി അലമാര കുത്തിത്തുറന്നാണ് പെട്ടിയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്നത്. തൊട്ടടുത്തമുറിയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിലെ വാക്കത്തി കാണാതെ പോയിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ നിന്നെടുത്ത കമ്പിപ്പാര കിടപ്പുമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷൻ ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, സബ് ഇൻസ്പെക്ടർ എസ്. എൻ സുമിത എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു. വീട്ടുടമയെ ശനിയാഴ്ച വൈകീട്ട് വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച ആലുവയിൽ നിന്നും എത്തിയ വിരലടയാള വിദഗ്ധൻ കെ.വി അജേഷ്തെളിവുകൾ ശേഖരിച്ചു.