പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: വാര്യർ ഫൗണ്ടേഷൻ മുഖേന പണം നല്കിയ നിക്ഷേപകരുടെ പണം തിരികെ നൽകുന്നു.
കോലഞ്ചേരി: പകുതി വിലയ്ക്ക് സ്കൂട്ടർ നല്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ നിക്ഷേപകരുടെ തുക മുഴുവൻ തുകയും തിരികെ നൽകും. ആകെ 139 പേരിൽ നിന്നും വാങ്ങിയ ഒരു കോടിയോളം രൂപയാണ് ഇതോടെ ഫൗണ്ടേഷൻ തിരികെ നൽകുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിക്ഷേപകരോട് വാങ്ങിയ മുഴുവൻ തുകയും വിതരണം നടത്തുമെന്ന് വാരിയർ ഫൗണ്ടേഷൻ ട്രസ്റ്റി എം.എസ്. മാധവവാര്യർ പത്രസമ്മേളനത്തിൽ അറിയിച്ചു. തുക പൂർണമായും നൽകുന്നതിലൂടെ വാര്യർ ഫൗണ്ടേഷനു 1 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ എന്ന കൂട്ടായ്മയിലെ കബളിപ്പിക്കപ്പെട്ട നിരവധി പേരിലൊന്നാണ് വാരിയര്‍ ഫൗണ്ടേഷൻ. 180 സ്ക്കൂട്ടറുകൾക്കും ഹോം അപ്ലൈൻസിനുമായി ഒരു കോടിയോളം രൂപ ഉപഭോക്താക്കളിൽ നിന്നും വാങ്ങി അവർ പറയുന്ന സ്ഥാപനത്തിന് കൊടുത്തത് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. വാരിയര്‍ ഫൗണ്ടേഷന്റെ ജനസമ്മിതി ഉപയോഗിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തട്ടിപ്പുകാർ ഫൗണ്ടേഷനേയും കരുവാക്കുകയായിരുന്നു എന്ന് വാര്യർ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. അനന്ദു കൃഷ്ണനിലൂടെ വാര്യർ ഫൗണ്ടേഷന് നഷ്ട്ടമാകുന്ന മുഴുവൻ തുകയും തിരികെ വാങ്ങിക്കാൻ ആവശ്യമായ നിയമ നടപടിയും സ്വീകരിക്കുമെന്നും വിഷയത്തിൽ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.