ആദിശങ്കരാചാര്യരുടെ ജന്മഗ്രഹം സന്ദർശിച്ച് ബംഗാൾ ഗവർണർ
പിറവം : ചിന്മയ ശങ്കരത്തിന്റെ ഭാഗമായ രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷനിൽ എത്തിയ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസും പത്നി ലക്ഷി ആനന്ദ ബോസും ജഗത്ഗുരു ആദി ശങ്കരന്റെ ജന്മഗ്രഹമായ മേൽപ്പാഴൂർ മന സന്ദർശിച്ചു. ശങ്കരാചാര്യ സ്വാമികളുടെ വിഗ്രഹത്തിന് മുന്നിൽ പ്രാർഥിച്ച് ആരതി അർപ്പിച്ചു. തുടർന്ന് മേൽപ്പാഴൂർ മനയുടെ ചരിത്രവും ഐതീഹ്യവും ചോദിച്ചറിഞ്ഞ ഗവർണർ, മന പൂർണമായി ചുറ്റി നടന്ന് കണ്ടു. ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ശങ്കരം ജനറൽ കൻവീണർ എ.ഗോപാലകൃഷ്ണൻ, ചിന്മയ മിഷൻ എഡ്യുക്കേഷൻ ആന്റ് കൾച്ചറൽ ട്രസ്റ്റ്, ട്രസ്റ്റി രാജേഷ് വി.പട്ടേൽ, ചിന്മയ മിഷൻ കേരള ചീഫ് സേവക് സുരേഷ് മോഹൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷനിൽ എത്തിയ ഗവർണറെ ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു