സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി: 33 വാഹനങ്ങൾ തിരിച്ചയച്ചു
പിറവം: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പിറവം സെൻ്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്തു നടന്ന പരിശോധനയിൽ പിറവം, കൂത്താട്ടുകുളം ഉപജില്ലകളിലെ 68 സ്കൂൾ വാഹനങ്ങളാണ് പരിശോധിച്ചത്. ടയറുകൾ, ബ്രേക്ക്, ഹോൺ, ഇൻഡിക്കേറ്റർ, സ്പീഡ് ഗവർണർ, ജിപിഎസ് സംവിധാനം, അഗ്നി രക്ഷാ ഉപകരണം തുടങ്ങിയവയെല്ലാം പരിശോധിക്കപ്പെട്ടു. ഇതിൽ 35 വാഹനങ്ങൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
മുവാറ്റുപുഴ, പിറവം , കൂത്താട്ടുകുളം മേഖലകളിലുമായി 180 – ഓളം സ്കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയാണ് നടക്കുന്നത്.
അമിത വേഗത നിയന്ത്രിക്കുന്ന സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ലാത്ത നിരവധി വാഹനങ്ങളുണ്ടായിരുന്നു. കാലിബറേഷൻ സർട്ടിഫിക്കറ്റും വാഹനങ്ങൾക്കില്ലായിരുന്നു. കൂടാതെ ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റുകൾ, ഇന്റിക്കേറ്ററുകൾ, വൈപ്പർ, തീ കെടുത്തുന്നതിനുള്ള സംവിധാനം, ടയറുകൾ തേഞ്ഞത് തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവയെല്ലാം പ്രവർത്തനക്ഷമമാക്കി വീണ്ടും വാഹനങ്ങൾ ഹാജരാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ ചില്ലിൽ പതിപ്പിച്ചു.
പിറവത്ത് മൂവാറ്റുപുഴ ആർ.ടി.ഒ കെ. സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയ്ക്ക്
ജോയിൻ്റ് ആർടിഒ സി. ചന്ദ്രഭാനു, വെഹിക്കിൾ ഇൻസ്പെക്ടർമാരായ
ജിൻസ് ജോർജ്, ഭരത് ചന്ദ്രൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. ദിനേഷ് കുമാർ, കെ.എ സെമിയുള്ള,
സിബിമോൻ ഉണ്ണി, പി.എം. മധുസുദനൻ എന്നിവർ
നേതൃത്വം നൽകി. തുടർന്ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ബസ് ഡ്രൈവർമാക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് ആർടിഒ സി. ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. വെഹിക്കിൾ ഇൻസ്പെക്ടർ ഭരത് ചന്ദ്രൻ ക്ലാസ് നയിച്ചു. വെഹിക്കിൾ ഇൻസ്പെക്ടർ
ജിൻസ് ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ ദാനിയേൽ തോമസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. മധുസുദനൻ എന്നിവർ സംസാരിച്ചു.
സ്കൂൾ തുറന്ന ശേഷം വാഹനങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
