ചലന ശേഷി നഷ്ടപ്പെട്ട തെരുവ് നായക്ക് സഞ്ചരിക്കാൻ താൽക്കാലിക യന്ത്രം നിർമ്മിച്ച് അഗ്നിശമന സേന അംഗങ്ങൾ
പിറവം :വാഹന അപകടത്തിൽ പരിക്കേറ്റ് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ട തെരുവ് നായക്ക് സഞ്ചരിക്കാൻ താൽക്കാലിക യന്ത്രം നിർമ്മിച്ച് നൽകി മുളന്തുരുത്തി അഗ്നിശമന സേന അംഗങ്ങൾ . പക്ഷെ പൂർണ്ണ തോതിൽ ആരോഗ്യം വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ വേണം.അതിനായി മൃഗ സ്നേഹികളെ കാത്തു കഴിയുകയാണ് മാളു എന്ന നായക്കുട്ടി. ഒരാഴ്ച മുമ്പാണ് മുളന്തുരുത്തി അഗ്നിശമന സേനയുടെ
സ്റ്റേഷനു മുന്നിൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നായക്കുട്ടിയെ
സേനാഗംങ്ങൾ കണ്ടത്. ഇടത് കാലിൻ്റെ ചലന ശേഷി നഷ്ടപ്പെട്ട് അവശനിലയിൽ ആയിരുന്നു.റോഡിലൂടെ ഇഴഞ്ഞ് നീങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് ശരീരത്തിലെ തൊലിയും നഷ്ടമായി.
സ്റ്റേഷൻ ഓഫീസർ ഇസ്മയിൽ ഖാൻ്റെ നേതൃത്വത്തിൽ നായക്കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകി പരിചരിച്ചു. ഉദ്യോഗസ്ഥർ മൃഗ സ്നേഹികളെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. നായക്കുട്ടിക്ക് മാളു എന്ന് പേരും നൽകി
സ്റ്റേഷൻ പരിസരത്ത് സംരക്ഷിച്ചു. മാളുവിൻ്റെ ദയനീയാവസ്ഥ മനസിലാക്കിയ സേനാംഗങ്ങളായ പ്രശാന്ത് കെ ബി, അഖിൽ കുമാർ, രാജേഷ് ആർ തുടങ്ങിയവർ നടക്കാൻ കഴിയുന്ന യന്ത്രം കിട്ടാൻ അന്വേഷണം ആരംഭിച്ചു.വിദേശരാജ്യങ്ങളിൽ ഇത്തരം അപകടം സംഭവിച്ച നായകൾക്ക് സംരക്ഷണം നൽകുന്ന യന്ത്രത്തെക്കുറിച്ച് യൂട്യൂബിൽ നിന്നും മനസിലാക്കി. അതേ മാതൃകയിൽ നിർമ്മിക്കാൻ ജീവനക്കാർ പണം സ്വരൂപിച്ചു.പിവിസി പൈപ്പും ചക്രവും ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക യന്ത്രം നായയുടെ ശരീരത്തിൽ ഘടിപ്പിച്ചു. നടക്കാനുള്ള പരിശീലനവും നൽകി. അധിക ദൂരം സഞ്ചരിക്കാൻ സാധിക്കില്ല.ശരീരത്തിൽ എപ്പോഴും യന്ത്രം ഘടിപ്പിച്ചു വക്കാനും ബുദ്ധിമുട്ടാണ്. നായ കുട്ടിക്ക് കിടക്കാനുള്ള സമയത്ത് അഴിച്ചു മാറ്റണം. ഈ അവസ്ഥ മാറണമെങ്കിൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണ്. മൃഗസ്നേഹികൾ ആരും മാളുവിനെ ഏറ്റെടുത്തില്ലങ്കിൽ അഗ്നി ശമന സേനാംഗങ്ങൾ തന്നെ തുടർ ചികിത്സ നൽകാനുള്ള ഒരുക്കത്തിലാണ്.
ചിത്രം : വാഹന അപകടത്തിൽ പരിക്കേറ്റ് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ട തെരുവ് നായക്ക് സഞ്ചരിക്കാൻ താൽക്കാലിക യന്ത്രം പിടിപ്പിച്ച നിലയിൽ .