എഴുപത്തഞ്ചാം പിറന്നാൾ നിറവിൽ പരി.കാതോലിക്ക ബാവ
പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവക്ക് (ഇന്ന്) തിങ്കളാഴ്ച എഴുപത്തഞ്ചാം പിറന്നാൾ. ഞായറാഴ്ച സഭയുടെ ഒന്നാം കാതോലിക്കാ ബാവ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെൻ്റ് തോമസ് ചെറിയപള്ളിയിൽ നടന്ന വി.കുർബാനക്കു ശേഷം വികാരി ഫാ അബ്രാഹം പാലപ്പിള്ളിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കൊപ്പം പരി. ബാവ തിരുമേനി കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കുവച്ചു.
പ്രധാന ദിവസങ്ങളെല്ലാം ഒന്നാം കാതോലിക്ക ബാവയുടെ കബറിടത്തിലെത്തുന്നതും പ്രാർത്ഥിക്കുന്നതും അനുഗ്രഹ പ്രദമാണെന്ന് ബാവ പറഞ്ഞു. 75 റോസാപുഷ്പങ്ങൾ സമ്മാനിച്ചും വർണ ബലൂണുകൾ ഉയർത്തിയും സൺഡേ സ്കൂൾ കുട്ടികളും ഇടവകക്കാരും ബാവക്ക് പിറന്നാൾ ആശംസകൾ നേർന്നു. ആശംസാ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.എബ്രാഹം പാലപ്പിള്ളിൽ അധ്യക്ഷനായി. ലിൻസി ഷിബു, ലിസ പീറ്റർ, തോമസ് മാത്യു അജയ് എന്നിവർ സംസാരിച്ചു. 1993-ൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി നിയമിതനായ ശേഷം തുടങ്ങിയ മാർപക്കോമിയോസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശ്വാസികൾക്കിടയിലും പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടാക്കി. എറണാകുളം ഇടുക്കി ജില്ലയിലെ 15 ലേറെ സർക്കാർ ആശുപത്രികളിൽ ഉച്ചഭക്ഷണ വിതരണം നടത്തുന്ന പ്രമോദം, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പ്രതിക്ഷ ,പ്രത്യാശ, പ്രശാന്തി കേന്ദ്രങ്ങൾ, സൗജന്യ മരുന്ന് വിതരണം വരെ ഉൾപ്പെടുന്ന 17 സാമൂഹ്യ സേവന കേന്ദ്രങ്ങളാണ് ബാവയെ വ്യത്യസ്ഥനാക്കുന്നത്.