അനധികൃത മണ്ണെടുപ്പിന് വ്യാജ രേഖ; പോലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകും
പിറവം : ജില്ലയുടെ കിഴക്കൻ മേഖലകളിൽ അനധികൃത മണ്ണെടുപ്പിനു വ്യാജ രേഖകളും ഉപയോഗിക്കുന്നതായി സംശയം. പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തു പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ ഹാജരാക്കിയ അനുമതി പത്രത്തിന്റെ ആധികാരികത സംബന്ധിച്ചാണു ആശയക്കുഴപ്പം. വീടു നിർമിക്കുന്നതിനു മണ്ണെടുക്കുന്നതിനു പഞ്ചായത്തു സെക്രട്ടറി അനുവദിച്ച രേഖ ഉണ്ടെങ്കിലും നിർമിക്കേണ്ട കെട്ടിടം സംബന്ധിച്ച് പ്ലാനും മറ്റു വിവരങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറി നൽകിയ അനുമതി പത്രം സംബന്ധിച്ചു ജില്ലാ കളക്ടർക്കു റിപ്പോർട്ട് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.135 ലോഡ് മണ്ണെടുക്കുന്നിന് അനുമതി ഉണ്ടെങ്കിലും ഇതിന്റെ പത്തിരട്ടിയോളം മണ്ണു ഇവിടെ നിന്നും കടത്തിയതായാണു പ്രാഥമിക വിവരം. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശത്താണു ഹെക്ടറുകളോളം സ്‌ഥലം മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ തുരക്കുന്നത്. പരിശോധനയെ തുടർന്ന് മണ്ണെടുപ്പു നിർത്തി വയ്ക്കുന്നതിനു നിർദേശം നൽകി. കൂടാതെ ഊരമന മേമുറി റോഡിന്റെ ഓരത്തു നിന്നുള്ള മണ്ണെടുപ്പും തടഞ്ഞു. മേൽമണ്ണു നീക്കി പുഴയോരത്തു നിന്നും പശിമയുള്ള മണ്ണാണ് ഇവിടെ നിന്നു കടത്തിയിരുന്നത്.
ചിത്രം : പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തു നടക്കുന്ന മണ്ണെടുപ്പ്