Back To Top

May 29, 2024

പുതിയൊരു അധ്യായന വർഷത്തിനായി വിദ്യാലയങ്ങൾ ഒരുങ്ങിയിട്ടും റോഡുകൾ സുരക്ഷിതമായിട്ടില്ല.

കൂത്താട്ടുകുളം : പുതിയൊരു അധ്യായന വർഷത്തിനായി വിദ്യാലയങ്ങൾ ഒരുങ്ങിയിട്ടും

റോഡുകൾ സുരക്ഷിതമായിട്ടില്ല.

 വിദ്യാലയങ്ങൾക്ക് സമീപത്തോടെ കടന്നുപോകുന്ന പ്രധാന റോഡുകളിലെ സീബ്ര വരകളും സൈഡ് ലൈനുകളും സെൻട്രൽ ലൈനുകളും മാഞ്ഞ നിലയിലാണ്. കൂത്താട്ടുകുളം എം സി റോഡിലും കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിലും ആണ് ഈ അവസ്ഥ തുടരുന്നത്. പല സ്ഥലങ്ങളിലും റോഡ് റീ ടാറിങ്ങിന് ശേഷമാണ് ലൈനുകൾ അപ്രത്യക്ഷമായത്. റോഡിന്റെ റീ ടാറിങ് കഴിഞ്ഞ് ആറുമാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. സ്കൂൾ പ്രവർത്തന സമയത്ത് തന്നെ ഇത് ചൂണ്ടിക്കാണിച്ചു നിരവധി പരാതികൾ ഉയർന്നെങ്കിലും പരിഹാരം ഉണ്ടായില്ല.

 

നിലവിൽ സ്കൂൾ പുനരാരംഭിക്കുന്ന സമയം ആയതോടെ രക്ഷകർത്താക്കളും പൊതുജനങ്ങളും ആശങ്കയിൽ ആയിരിക്കുകയാണ്. സ്കൂളുകൾക്ക് മുൻപിലെ സീബ്ര വരകൾ വരച്ച് വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.

ഇതോടൊപ്പം തന്നെ റോഡിലെ മറ്റ് സുരക്ഷ സംവിധാനങ്ങളും പുനക്രമീകരിക്കേണ്ടതുണ്ട്. മഴക്കാലം മുൻനിർത്തി വാഹന യാത്രക്കാർക്ക് റോഡുകളിലെ കാഴ്ച വ്യക്തമാക്കാൻ സഹായിക്കുന്ന റിഫ്ലക്ടറുകളും സൈഡിനുകളും അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.

 

മേഖലയിലെ തിരക്കേറിയ റോഡുകളിൽ ഒന്നാണ് കൂത്താട്ടുകുളം നടക്കാവ് ഹൈവേ ഈ റോഡിൽ കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷൻ മുതൽ ഒലിയപ്പുറം കവല വരെ ഏറെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ റോഡിലാണ് വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, വടകര ഗവ. എൽ പി സ്കൂൾ, വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി, വടകര സെന്റ് ജോൺസ് ഓർത്തഡോക്സ്, യാക്കോബായ പള്ളികൾ സ്ഥിതി ചെയ്യുന്നത്. ദിവസവും നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. അടിയന്തരമായി റോഡിലെ സുരക്ഷാ സംവിധാനങ്ങൾ പുനസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

 

ഫോട്ടോ : കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ വടകര സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്ത്‌ സീബ്ര വരകളുടെ അഭാവത്തിൽ വിദ്യാർത്ഥികൾ റോഡ് മുറിച്ചു കിടക്കുന്നു.

Prev Post

കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി…

Next Post

നാഷണൽ ഹൈവേ അധികാരികളുടെ അനാസ്തക്കെതിരെ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ്. സൂചനയായി ശവപ്പെട്ടി സമരം…

post-bars