ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെ പോലീസ് തെളിവെടുപ്പിൽ എത്തിച്ചു.
കൂത്താട്ടുകുളം : ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെ പോലീസ് തെളിവെടുപ്പിൽ എത്തിച്ചു.
കോട്ടയം വെള്ളിലപ്പിള്ളി പേഴത്തിനാൽ പി.എസ്.ജിഷ്ണു (21), കോട്ടയം ഭരണങ്ങാനം ചെറിയമ്മാക്കൽ ലിബിൻ ജോസ് (27), കോട്ടയം കരൂർ മഠത്ത്ശ്ശേരിയിൽ തോമസ് (21) എന്നിവരാണ് പോലീസ് പിടികൂടിയത്.
ഇലഞ്ഞി പാറയിൽ ജസ്റ്റിൻ മാത്യൂവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളാണ് ജസ്റ്റിനെ മർദ്ദിച്ചു അവശനാക്കിയ ശേഷം പ്രതികൾ പിടിച്ചു വാങ്ങിയത്. കഴിഞ്ഞ മാസം നാലിന് ഉച്ചയ്ക്ക് 12.20 ന് ആണ് സംഭവം. ഇലഞ്ഞി ഭാഗത്ത് നിന്നും വീട്ടിലേക്ക് വരികയായിരുന്ന ജസ്റ്റിനെ വഴിയരികിൽ കാത്തുനിന്ന് മൂവർ സംഘം പിടിച്ചുനിർത്തി മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളുമായി കടന്നു കളയുകയായിരുന്നു. ക്രൂരമായി മർദ്ദനമേറ്റ് ആവശ്യമായ ജസ്റ്റിനെ സമീപവാസികളും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ജസ്റ്റിൻ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചത്.
ജസ്റ്റിന്റെ കൈവശമുണ്ടായിരുന്ന 14,000 രൂപയും 29,000 രൂപയും വില വരുന്ന രണ്ടു മൊബൈൽ ഫോണുകളാണ് മോഷണം പോയത്. പ്രതികൾ എത്തിയ വാഹനം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ
പ്രതികൾ സംസ്ഥാനം കടന്നതായുള്ള വിവരം ലഭിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണത്തിനിടയിലാണ് പ്രതികളെ പോലീസിന് ലഭിച്ചത്.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ
പോലീസ് ഇന്നലെ വൈകുന്നേരം സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
മർദ്ദനമേറ്റ ജസ്റ്റിൻ പോർച്ചുഗലിൽ ഫുഡ് ഡെലിവറി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ ജൂൺ 28 ആണ് ഇയാൾ നാട്ടിലെത്തിയത്. മർദ്ദനമേറ്റ ജസ്റ്റിൻ മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടിക്കും ഒപ്പം ഇലഞ്ഞിയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. അവധി പൂർത്തിയാക്കി ഇയാൾ തിരിച്ചു മടങ്ങി.
വീടിനു സമീപം കാത്തു കിടന്ന ശേഷം ആക്രമിച്ചു മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ.നോബിളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ കെ.പി. സജീവ്, എഎസ്ഐ മാരായ പ്രവീൺകുമാർ, രാജേഷ് തങ്കപ്പൻ, എസ് സിപിഒ മാരായ ആർ.രേജീഷ്,പി.കെ.മനോജ് എന്നിവരാണ് ഉള്ളത്.
ഫോട്ടോ : മോഷണം കേസിലെ പ്രതികളെ കൂത്താട്ടുകുളം പോലീസ് തെളിവെടുപ്പ് നടത്തുന്നു.