മാലിന്യനിക്ഷേപത്തിനെതിരെ പൗരസമിതി
പിറവം : രാമമംഗലം മടക്കിൽ പാലത്തിന് സമീപം റോഡരികിൽ സാമൂഹ്യവിരുദ്ധർ മാസങ്ങളായി അറവുമാലിന്യങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതായി പരാതി. പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദുർഗന്ധം മൂലം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
രാമമംഗലത്തെ എട്ടാം വാർഡിലാണ് ഈ പ്രദേശം. വാർഡ് മെമ്പർ , പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരോട് പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. മാലിന്യനിക്ഷേപം തടയുന്നതിനായി നാട്ടുകാർ പൗരസമിതി രൂപീകരിക്കുകയും പഞ്ചായത്തിന്റെ നിസ്സംഗതയിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറഞ്ഞു.