ദേശീയപാതക്കായുള്ള മണ്ണെടുപ്പിനുള്ള നിരോധനം തുടരും; കരാറുകാരുടെ ആവശ്യം അംഗീകരിക്കാതെ ഡിവിഷൻ ബഞ്ച്
പിറവം : പാരിസ്ഥിതിക സന്തുലാവസ്ഥ തകർക്കുന്ന രീതിയിൽ പാമ്പാക്കുട പഞ്ചായത്തിൽ നടന്ന മണ്ണെടുപ്പിനു ഹൈക്കോടതി സിംഗിൾ ബഞ്ചു നൽകിയ നിരോധനം റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ഡിവിഷൻ ബഞ്ച്. വിധി സ്റ്റേ ചെയ്യാൻ പ്രഥമദൃഷ്ട്യാ ഒരു കാരണവും ഇല്ലെന്ന് പറഞ്ഞാണ് ആവശ്യം നിരസിച്ചത്. ദേശീയപാത വികസനത്തിന്റെ പേരിലാണു പാമ്പാക്കുട മാരേക്കാട്ട് മല, പിറമാടം കിഴക്കേടത്ത് മല, മാംഗലത്ത് മല എന്നിവിടങ്ങളിൽ നിന്നും നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള മണ്ണെടുപ്പ് നടന്നിരുന്നത്. പരിസ്‌ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രൂപീകരിച്ച കർമസമിതി നൽകിയ പരാതിയിലാണു നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് മണ്ണെടുപ്പു തടഞ്ഞത്. എന്നാൽ ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതുൾപ്പെടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാർ വീണ്ടും ഡിവിഷൻ ബഞ്ചിൽ പരാതി നൽകുകയായിരുന്നു ഈ കേസിൽ കൂടുതൽ വാദം ആവശ്യമാണെന്നും കേസ് അടുത്ത 19 ലേക്കു മാറ്റുന്നതായും ഡിവിഷൻ ബഞ്ച് അറിയിച്ചു.
പരിസ്ഥിതി ആഘാത പഠനം നടത്താതെ ഹൈവേ വികസനത്തിന്റെ പേരിൽ നിയമങ്ങൾ കാറ്റിൽപറത്തിയാണ് പാമ്പാക്കുടയിൽ മണ്ണെടുപ്പ് ആരംഭിച്ചത്. ചെട്ടിക്കണ്ടത്ത് മാത്രം 20 ഏക്കറോളം വരുന്ന മാംഗലത്ത് മല ഏകദേശം പൂർണ്ണമായും നിരത്തി. നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ശുദ്ധജല പദ്ധതികൾ നടപ്പാക്കിയ ഭാഗമാണിത്. ഇതൊന്നും പരിഗണിക്കാതെയായിരുന്നു മല തുരന്നത്. തുടർന്ന് നാട്ടുകാർ കർമസമിതി രൂപീകരിച്ചു സമരത്തിനിറങ്ങിയിരുന്നു .
ചിത്രം : പാമ്പക്കുട മംഗലത്ത് മലയിൽ നടന്ന മണ്ണെടുപ്പ് (ഫയൽ ചിത്രം)