ആൾതാമസം ഇല്ലാത്ത വീട്ടിൽ മോഷണംശ്രമം
പിറവം : ആൾതാമസം ഇല്ലാത്ത വീട്ടിൽ മോഷണംശ്രമം നടന്നു. മുളന്തുരുത്തി ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളജിന് സമീപമുള്ള പട്ടശ്ശേരിൽ രാജൻ സ്ലീബയുടെ വീട്ടിലാണ് മോഷണം ശ്രമം നടന്നത്.ബാങ്ക് ഉദ്യോഗസ്ഥനായ രാജൻ തൃശൂരാണ് കുടുംബസമേതം താമസം. ഇന്നലെ രാവിലെ ആരക്കുന്നത്തെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീടിൻ്റെ പിൻഭാഗത്തുള്ള ഇരുമ്പ് ഗ്രിൽ വളച്ച ശേഷമാണ് മോഷ്ടാവ് അകത്തുകയറിയത്. വീടിനുള്ളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ടിട്ടുണ്ട്.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ നിറമുള്ള സ്പൂൺ ഒടിച്ചിട്ടുണ്ട്. വീടിനകത്ത് സ്വർണ്ണമോ പണമോ സൂക്ഷിച്ചിരുന്നില്ല.മുളന്തുരുത്തി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി.കോളേജിൽ സമീപമുള്ള മണിയാപുറം ചാപ്പലിനുള്ളിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഒരു മാസം മുമ്പ്
മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് ചാപ്പലിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ മോഷണം നടന്നിരുന്നു.
ഇതിന് ശേഷം വൈക്കത്തുമഠം ക്ഷേത്രത്തിലെ സമീപത്ത് വെച്ച് സ്കൂൾ കുട്ടിയെ അപായപ്പെടുത്താൻ അജ്ഞാതൻ ശ്രമിച്ചിരുന്നു.ഈ സംഭവങ്ങെളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ മേഖലയിൽ മോഷ്ടാവ് വിലസുന്നത് ജനങ്ങളിൽ ഭീതി ഉളവാക്കിയിരിക്കുകയാണ്.രാത്രി സമയങ്ങളിൽ പോലീസ് പട്രോളിങ് മേഖലയിൽ ശക്തമാക്കണമെന്നും,മോഷ്ടാക്കളെ പിടി കൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.