ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്ത് പുനർ ക്രമീകരിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായി പരാതി
കൂത്താട്ടുകുളം : ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്ത് പുനർ ക്രമീകരിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായി പരാതി. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം ഡ്രൈവർമാരിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പമൂലം നഗരത്തിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട് എന്നാണ് ആക്ഷേപം.
കോട്ടയം ഭാഗത്തുനിന്നും കൂത്താട്ടുകുളത്തേക്ക് വരുന്ന വാഹനങ്ങൾ ട്രാഫിക് ഐലൻഡിലെ
ആദ്യ സിഗ്നലിൽ റെഡ് ലൈറ്റ് കണ്ട് വാഹനം നിർത്തിയ ശേഷം, പിന്നീട് ഗ്രീൻ ലൈറ്റ് തെളിയുന്നത് അനുസരിച്ച് മുന്നോട്ടു നീങ്ങുമ്പോൾ തന്നെ രണ്ടാമത്തെ ഐലൻഡിന്റെ അവസാനം സ്ഥാപിച്ചിരിക്കുന്ന പോസ്റ്റിൽ റെഡ് ലൈറ്റ് തെളിയുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായി പറയുന്നത്.
എന്നാൽ റെഡ് ലൈറ്റിന് കീഴിൽ തെളിയുന്ന ഗ്രീൻ ലൈറ്റ് പലപ്പോഴും ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
സമാന രീതിയിൽ തന്നെയാണ് മറ്റ്
സിഗ്നൽ പോയിന്റുകളിലെയും അവസ്ഥ.
മറ്റ് നഗരങ്ങളിൽ ട്രാഫിക് സിഗ്നലുകൾ ഡിസൈൻ ചെയ്ത സ്ഥാപിക്കുന്ന ആളുകൾ തന്നെയാണ് കൂത്താട്ടുകുളത്തെ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. കെൽട്രോൺ ഉൾപ്പെടെയുള്ള കമ്പനികളിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് & കമ്മ്യൂണിക്കേഷൻ ഡിവിഷനിൽ വർഷങ്ങളായി പ്രവർത്തി പരിചയം ഉള്ള ആളുകളുടെ സഹായത്തോടെയാണ്
ഇവിടുത്തെ ലൈറ്റുകൾ പുനർ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലൈറ്റുകളുടെ
ക്രമീകരണത്തിലും സമയ ക്രമീകരണത്തിലും തെറ്റ് സംഭവിക്കില്ല എന്ന് തന്നെയാണ് ടെക്നിക്കൽ ടീമിന്റെ ഉറപ്പ്.
ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ
യഥാർത്ഥ പ്രയോജനം ലഭിക്കണമെങ്കിൽ റോഡിൽ നിലവിലുള്ള സുരക്ഷാ വരകൾ പുനക്രമീകരിക്കേണ്ടതുണ്ട്. സിഗ്നൽ ലൈറ്റ് റെഡ് ലൈറ്റ് തെളിയുമ്പോൾ
വാഹനം എവിടെ നിർത്തണം എന്നുള്ളത് ഡ്രൈവർക്ക് മനസ്സിലാക്കും വിധം വരയ്ക്കേണ്ടതുണ്ട്.
ഏറെക്കാലമായി ഓഫ് ചെയ്തു കിടന്നിരുന്ന സിഗ്നൽ ലൈറ്റുകൾ
പ്രവർത്തനം ആരംഭിക്കുമ്പോൾ സ്വാഭാവികമായി വാഹന യാത്രക്കാർക്കിടയിൽ ഒരു നിയന്ത്രണം അനുഭവപ്പെടും. ഈ നിയന്ത്രണം പൊതുജനങ്ങൾക്ക് തലവേദനയായി മാറാതിരിക്കാൻ
പോലീസിന്റെ കൂടി ഇടപെടൽ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. പോലീസിന്റെ സാന്നിധ്യം നിലവിലെ ആശയക്കുഴപ്പങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.
ഇതോടൊപ്പം തന്നെ പൊതുജനങ്ങളുടെ പരാതി അനുസരിച്ച് സിഗ്നൽ ലൈറ്റുകളുടെ ക്രമീകരണങ്ങളിലും സമയ ക്രമീകരണങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് അധികൃതർ പരിശോധിക്കണം.
സുരക്ഷിതമായ യാത്രയ്ക്ക് ടൗണിൽ വേഗത നിയന്ത്രണം അനിവാര്യം തന്നെയാണ്.
ഫോട്ടോ : കൂത്താട്ടുകുളം ടൗണിൽ സിഗ്നൽ തെറ്റിച്ച് ഓടുന്ന വാഹനങ്ങൾ.