പിറവത്ത് പാത്രിയർക്കീസ്ബാവയ്ക്ക് ഉജ്വല വരവേൽപ്പ്
പിറവം: ആകാമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരി.ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയാർക്കീസ് ബാവയ്ക്ക് പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിൽ അത്യുജ്വല വരവേൽപ്പ് നൽകി. പിറവം പാലത്തിന് സമീപത്ത് നിന്നും നൂറുകണക്കിന് വിശ്വാസികൾ ചേർന്ന് പുഷ്പവൃഷ്ടിയോടെ വാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് ബാവയെ പള്ളിയിലേക്ക് ആനയിച്ചത്. മലങ്കര മെത്രാപ്പോലീത്താ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ്, ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ.കുര്യാക്കോസ് മോർ തെയോഫിലോസ് എന്നിവരും സഭയിലെ മറ്റുമെത്രാപ്പോലീത്തമാരും വൈദീകരും പരിശുദ്ധബാവയെ അനുഗമിച്ചു. അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ, വികാരി ഫാ.വർഗീസ് പനിച്ചയിൽ, ഫാ.എൽദോസ് കുറ്റിവേലിൽ, ഫാ.റോഷൻ തച്ചേത്ത്, ഫാ.ബേസിൽ പാറേക്കാട്ട്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബേബി കിഴക്കേക്കര, ബിജു അമ്മിണിശ്ശേരി, ഭദ്രാസന കൗൺസില അംഗം ഷാജി ഓലിക്കൽ, കോൺഗ്രിഗേഷൻ സെക്രട്ടറി ബേബി ആലുങ്കൽ ട്രസ്റ്റി ജോർജ് ഈനാകുളം എന്നിവർ നേതൃത്വം നൽകി.
പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ഓണക്കൂർ സെഹിയോൻ പള്ളിയിലും ബാവയ്ക്ക് സ്വീകരണം നൽകി.
ഇതിനു ശേഷം നെച്ചൂർ സെൻ്റ് തോമസ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സെൻ്ററിൽ എത്തിയ ബാവയെ വികാരി ഫാ. ഏലിയാസ് കാപ്പും കുഴിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവിടെ സന്ധ്യാ പ്രാർഥനയ്ക്ക് ബാവ കാർമികത്വം വഹിച്ചു. തുടർന്ന് മലേക്കുരിശ് ദയറയിലേക്ക് മടങ്ങി.