സ്വകാര്യ ബസുകൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു.
പിറവം: സ്വകാര്യ ബസുകൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പിറവം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് 4.45നാണ് സംഭവം. സ്റ്റാൻഡിൽ നിന്നും എറണാകുളത്തേക്ക് പോകാൻ തുടങിയ സ്വകാര്യ ബസ് പെട്ടന്ന് പിന്നോട്ടെടുത്ത സമയം നിർത്തിയിട്ടിരുന്ന രണ്ടു ബസുകൾക്കിടിയിൽ വിദ്യാർത്ഥിനി കുടുങ്ങുകയായിരുന്നു. പിറവത്തെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്.
സ്റ്റാൻഡിൽ ഉണ്ടായിരുന്ന യാത്രക്കാർ നിലവിളിച്ചതോടെയാണ് ബസ് ജീവനക്കാർ അപകടം അറിയുന്നത്. കുട്ടിയുടെ ശരീരത്തിൽ മുറിവോ മറ്റ് പാടുകളോ ഉണ്ടായിരുന്നില്ല. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ ന്യായികരണം നടത്താനാണ് ശ്രമിച്ചതെന്ന് ആക്ഷേപം ഉണ്ട്. ജനരോക്ഷം ശക്തമായതോടെ ബസിൽ നിന്നും യാത്രക്കാരെ ഇറക്കി അതേ ബസിൽ കുട്ടിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിരക്കേറിയ സ്കൂൾ സമയത്ത് സ്റ്റാൻഡിൽ പോലീസ് പെട്രോളിങ് ശക്തമാക്കണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.