നാലമ്പല തീർത്ഥാടനത്തിന് ഭക്തിനിർഭരമായ തുടക്കം
പിറവം : രാമായണ മാസത്തിലെ നാലമ്പല തീർത്ഥാടനത്തിന് പിറവം മുളക്കുളം ശ്രീലക്ഷമണ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. കർക്കടകത്തിൽ ശ്രീരാമക്ഷേത്ര ദർശനം പുണ്യം നൽകുമെന്നാണ് വിശ്വാസം, നാലമ്പല ദർശനമാണ് ഇതിൽ പ്രധാനം. ദശരഥ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതാണ് നാലമ്പല തീർത്ഥയാത്ര. മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീ ഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തി നാലമ്പലദര്‍ശനചക്രം പൂര്‍ത്തിയാക്കുന്ന വിധമാണ് ക്ഷേത്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷനായി. തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി, എം.എൽ.എ മാരായ അഡ്വ.മോൻസ് ജോസഫ്, അഡ്വ.അനൂപ് ജേക്കബ്, പിറവം നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു, മുളക്കുളം, രാമമംഗലം, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.സ്റ്റീഫൻ, ടി.കെ.വാസുദേവൻ നായർ, തോമസ് തടത്തിൽ എന്നിവർ പ്രസംഗിച്ചു.