സഭാ തര്‍ക്കം നിയമ നിര്‍മ്മാണം വഴി മാത്രമേ പരിഹരിക്കാന്‍ കഴിയുവെന്ന ഹൈക്കോടതി നിരീക്ഷണം സ്വാഗതാര്‍ഹം : യാക്കോബായ സുറിയാനി സഭ
പുത്തന്‍കുരിശ് : സഭാ തര്‍ക്കം നിയമ നിര്‍മ്മാണം വഴി മാത്രമേ പരിഹരിക്കാന്‍ കഴിയുവെന്ന ബഹു. ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ സുപ്രധാന നിരീക്ഷണം സ്വാഗതാര്‍ഹമെന്ന് യാക്കോബായ സുറിയാനി സഭ. ഭൂരിപക്ഷത്തെ പുറത്താക്കി വിധി എഴുതുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും സര്‍ക്കാരിനു നിയമനിര്‍മ്മാണം കൊണ്ട് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണെന്നും ഒരു ബോര്‍ഡ് ഉണ്ടാക്കി വികാരിമാരെ പള്ളികള്‍ തെരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടായാല്‍ സഭാതര്‍ക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെടുമെന്നുമാണ് കഴിഞ്ഞ ദിവസം ബഹു. കോടതി അഭിപ്രായപ്പെട്ടത്.
ഒരു നൂറ്റാണ്ട് പിന്നിട്ട മലങ്കര സഭാ തര്‍ക്കം വര്‍ഷങ്ങളായി കോടതി വിധികളിലൂടെയും, വിവിധ ചര്‍ച്ചകളിലൂടെയും പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ സഭാ തര്‍ക്കം പരിഹരിക്കുവാന്‍ സാധിക്കുവെന്നും പ്രശ്‌നപരിഹാരത്തിന് ബഹു. ഗവണ്‍മെന്റിന് അധികാരമുണ്ടെന്നും ബഹു. കോടതി അനേകം പ്രാവശ്യം ആവര്‍ത്തിച്ചു അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ്. ബഹു. ഗവണ്‍മെന്റിനു ലഭിച്ചിരിക്കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്തണമെന്നും ശാശ്വത പരിഹാരത്തിനായി നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകണമെന്നും യാക്കോബായ സുറിയാനി സഭ ആവശ്യപ്പെടുന്നതായി മീഡിയാ സെല്‍ ചെയര്‍മാന്‍ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ബഹു. ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മലങ്കര സഭാതര്‍ക്കം നീതിപൂര്‍വ്വവും ജനാധിപത്യപരവുമായ രീതിയിലും പരിഹരിക്കുവാന്‍ ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ‘മലങ്കര ചര്‍ച്ച് ബില്‍’ നടപ്പാക്കുവാന്‍ ബഹുഭൂരിപക്ഷം വരുന്ന പൊതുജനാഭിപ്രായം അനുകൂലമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് താമസം വരുത്താതെ എത്രയും വേഗം ‘മലങ്കര ചര്‍ച്ച് ബില്‍’ നടപ്പാക്കുവാന്‍ ബഹു. ഗവണ്‍മെന്റ് ശ്രമിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
പുത്തന്‍കുരിശ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
പാത്രിയര്‍ക്കാസെന്റര്‍ മീഡിയാ സെല്‍ ചെയര്‍മാന്‍