പിടിയും പോത്തും വിളമ്പി: തോമസ് ചാഴിക്കാടന്റെ തോൽവിക്ക് കാരണം ജിൽസ് പെരിയപ്പുറം: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു ഇലക്‌ഷൻ കമ്മീഷനിൽ പരാതി നൽകി.
പിറവം: കോട്ടയം ലോകസഭ എൽഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴിക്കാടന്റെ തോൽവിക്ക് കാരണം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറമാണെന്ന് ആരോപിച്ചു ജിൽസിനെ അയോഗ്യനാക്കാൻ കേരള കോൺഗ്രസ് (എം) നീക്കം. കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പരിപാടിയിൽ ജിൽസ് പങ്കെടുത്തിരുന്നു. ജൂൺ 4 ന് ഫലപ്രഖ്യാപന ദിവസം പാർട്ടി സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ലക്ഷം വോട്ടിന് തോൽക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പിറവം ടൗണിൽ “പിടിയും പോത്തും” വിളമ്പിയതും ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് (എം ) ജില്ല സെക്രട്ടറി ടോമി ജോസഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇലക്ഷൻ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 30 ന് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. സംസ്ഥാനത്തെ 81 നഗരസഭയിൽ സി പി ഐ വനിത ഭരിക്കുന്ന ഏക നഗരസഭയാണ് പിറവം. ജിൽസ് അയോഗ്യനാക്കപ്പെട്ടാൽ നഗരസഭയുടെ ഭരണം എൽഡിഎഫിന് നഷ്ടമാകും. പാർട്ടി വിരുദ്ധ പ്രവർത്തനം എന്ന പേരിൽ ജിൽസിനെതിരെകടുത്ത നടപടി സ്വീകരിച്ചാൽ എൽഡിഎഫിന് കനത്ത ആഘാതമാകും ഉണ്ടാവുക. ഏറെ തലവേദന സൃഷ്ടിക്കുന്ന വിഷയത്തിൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യമെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം സംബന്ധിച്ച് ശനിയാഴ്ച നിർണ്ണായക എൽ ഡി എഫ് ചേരുന്നുണ്ട്. നഗരസഭയിൽ എൽഡിഎഫിന് ഒപ്പമായിരുന്നു തൻ്റെ പ്രവർത്തനം എന്ന് ജിൽസ് പെരിയപ്പുറം പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു പിറവത്ത് ജനകീയ സമതി പിടിയും പോത്തും വിളിമ്പിയതിൽ പങ്കെടുത്തതാണ് തൻ്റെ പേരിലുള്ള കുറ്റമായി പാർട്ടി ചിത്രീകരിക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെങ്കിൽ പിറവം നഗരസഭയുടെ ഭരണം എൽഡിഎഫ് തുടരുമായിരുന്നോ എന്നും ജിൽസ് പെരിയപ്പുറം ചോദിക്കുന്നു. പിറവം നഗരസഭയുടെ ഭാവി ഭരണം തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കുള്ള ജിൽസിനെ അയോഗ്യനാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാകുമെന്നും ചർച്ചയുണ്ട്.