നിവേദനം നൽകി
ഇലഞ്ഞി : പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഗ്യാലക്സി അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെയും നിയമം ലംഘനങ്ങൾക്കെതിരെയും മന്ത്രി പി. രാജീവിന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് കഴിഞ്ഞ മാസം 27 നു കമ്പനിയിൽ നടത്തിയ പരിശോധനയിൽ 12 ന്യൂനതകൾ കണ്ടെത്തിയിരുന്നു. കൂടാതെ പഞ്ചായത്ത് ഭരണസമിതിയും ഗുരുതരമായ പിഴവുകൾ രേഖ മൂലം പൊലൂഷൻ കൺട്രോൾ ബോർഡിന് നൽകിയിരുന്നു. ന്യൂനതകൾ പരിഹരിക്കുന്നതുവരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ പൊലൂഷൻ കൺട്രോൾ ബോർഡ് ഉത്തരവും നൽകിയിരുന്നു.
എന്നാൽ 3 നു പഞ്ചായത്തിനെയോ പരാതിക്കാരെയോ അറിയിക്കാതെ ബോർഡ് രണ്ടാമതും പരിശോധന നടത്തുകയും , അലുമിനിയം കമ്പനി തുറന്നു പ്രവർത്തിക്കാവുന്നതാണ് എന്ന് ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് ലഭിച്ച ഉടനെ തന്നെ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി യോഗം ചേരുകയും പൊലൂഷൻ കൺട്രോൾ ബോർഡിൻറെ പരിശോധന തള്ളിക്കളയുകയും, അവരുടെ റിപ്പോർട്ട് പഞ്ചായത്തിന് സ്വീകാര്യമല്ല എന്ന് രേഖാമൂലം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയും ചെയ്തു. മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയ ഗുരുതരമായ ന്യൂനതകൾ നിലനിൽക്കെ തന്നെയാണ് , ബോർഡ് കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെ പഞ്ചായത്ത് ഇതുവരെ സ്വീകരിച്ച നടപടികളും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ ഉത്തരവുകളും അടങ്ങിയ നിവേദനം സ്വീകരിച്ച മന്ത്രി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിനൊപ്പം വൈസ് പ്രസിഡണ്ട് എം.പി ജോസഫ് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർലി ജോയ്, പഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, സുരേഷ് ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഫോട്ടോ : മുത്തോലപുരത്തെ അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.