ജില്ലാ വികസന യോഗം – പിറവം നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. അനൂപ് ജേക്കബ് എം.എൽ.എ.
പിറവം : എറണാകുളം ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പിറവം നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ദീർഘകാലമായി പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ അനൂപ് ജേക്കബ് എം.എല്‍.എ ഉന്നയിച്ചു. തിരുവാങ്കുളം ജംഗ്ഷനിൽ ഗതാഗ കുരുക്കിന് പരിഹാരമായി ചിത്രപ്പുഴ – മാമല റോഡ് യാഥാർത്ഥ്യം ആക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 കോടി രൂപയ്ക്ക് ഭരണാനുമതി നേരത്തെ ലഭ്യമായിട്ടുള്ളതാണ്. നിലവില്‍ പ്രസ്തുത റോഡിന്റെ അലൈന്‍മെന്റിലൂടെയാണ് കെ.എസ്.പി.പി.എല്‍-ന്റെ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനാല്‍ ടി പൈപ്പ് ലൈനിനെ ബാധിക്കാത്ത തരത്തിലാണ് റോഡിന്റെ അലൈന്‍മെന്റ് ഡിസൈന്‍ ചെയ്യുന്നത്. . ആയതിനാല്‍ ഡി.പി.ആർ. ഫൈനലൈസ് ചെയ്ത് ബണ്ട് റോഡ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ബൈപ്പാസ് യാഥാർത്ഥ്യമാക്കാനുള്ള നടപടിയും , പിറവം ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ എക്സൈസ് കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, പിറവം പാഴൂർ മുതൽ പേപ്പതി വരെയുള്ള അപകടകരമായ വളവുകൾ നികത്തുന്ന നടപടിയും ത്വരിതപ്പെത്തപ്പെടുത്തണമെന്ന് യോഗത്തിൽ ഉന്നയിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിൻറെ പൈതൃകം നിലനിർത്തിക്കൊണ്ട് ചോറ്റാനിക്കരക്ഷേത്രത്തിന്റെ സമീപദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ക്ഷേത്രനഗരിയായി വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി അത് അടിയന്തരമായി യാഥാർഥ്യമാക്കണമെന്നും എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.മുൻ യുഡിഎഫിന്റെ കാലത്ത് ആരംഭിക്കാൻ നിശ്ചയിച്ച ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് പ്രകൃതി സൗഹാർദ്ദപരമായി മണ്ഡലത്തിലെ നിർദിഷ്ട സ്ഥലത്ത് തന്നെ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അനൂപ് ജേക്കബ് എം.എല്‍.എ ഉന്നയിച്ചു.