അശാസ്ത്രീയമായ തടയണ; മാമ്മലശ്ശേരിയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി
പിറവം : ഉഴവൂർ തോടിന് കുറുകെ അശാസ്ത്രീയമായി തടയണ നിർമ്മിച്ചത് മൂലം കർഷകർ ദുരിതത്തിൽ. കാർഷിക മേഖലയ്ക്കായാണ് മടക്കിൽ പാലത്തിന് സമീപം വെമ്മേലി ചിറയിൽ മൂന്ന് വർഷം മുമ്പ് തടയണ നിർമ്മിച്ചത്. 60 മീറ്റർ വീതിയുള്ള തോടിൽ 10 മീറ്റർ വീതിയിൽ നിർമ്മിച്ച തടയണ പ്രയോജനകരമല്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പ്രദേശത്തെ പാടശേഖരങ്ങളിൽ വേനൽക്കാലത്ത് ജലസേചനത്തിനായി നിർമ്മിച്ച തടയണക്ക് ഷട്ടറുകളും സ്ഥാപിച്ചിരുന്നില്ല. തടയണയുടെ കാലുകൾ തമ്മിലുള്ള അകലം 2 മീറ്റർ മാത്രമായതിനാൽ ഒഴുകിയെത്തുന്ന മരക്കൊമ്പുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തങ്ങി നിൽക്കുന്നത് മഴക്കാലത്ത് കൃഷിയിടങ്ങളിൽ ജലനിരപ്പുയരുന്നതിന് കാരണമാകുന്നു. ഇത് മൂലം മാമ്മലശ്ശേരി കക്കാട് ഭാഗത്തെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതായി കർഷകർ പറയുന്നു. ഏക്കറുകണക്കിന് സ്ഥലത്തെ കപ്പ, വാഴ കൃഷികൾ വെള്ളം കയറി നശിച്ച നിലയിലാണ്.