തോട്ടറ പുഞ്ചയിൽ തരിശു നിലം കൃഷി യോഗ്യമാക്കാൻ പദ്ധതി. അവലോകന യോഗം ചേർന്നു.
പിറവം : മുളന്തുരുത്തി തോട്ടറ പുഞ്ചയിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു.. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മൈനർ ഇറിഗേഷൻ,
പി.വി .ഐ.പി., ഹരിത കേരള മിഷൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കൃഷിക്ക് പ്രതികൂലമായി നിൽക്കുന്ന നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങൾ, നിലവിൽ സ്ഥാപിച്ചിരിക്കുന്ന പമ്പ് സെറ്റുകൾ, ഷട്ടർ മുതലായവയുടെ പ്രശ്നങ്ങൾ പരിഹരിക്കൽ, ഡേറ്റ കളക്ഷൻ, കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലത്തിൻ്റെ
ഉടമകളെ കണ്ടെത്തൽ, കഴിയുന്നത്ര തരിശ് നിലം കൃഷിയോഗ്യമാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. വകുപ്പ് ഉദ്യോഗസ്ഥർ പരിഹാരങ്ങൾ നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ യോഗത്തിൽ അധ്യക്ഷനായി. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ്, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ എന്നിവർ അവരുടെ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന തോട്ടറ പുഞ്ചയുടെ ഭാഗങ്ങളിൽ അടിയന്തരമായി ചെയ്യേണ്ട പ്രവർത്തന കുറിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സജീവ്, തോട്ടറ പുഞ്ച സമിതി ഭാരവാഹികളായ ടി.ആർ. ഗോവിന്ദൻ, എ.എൻ. സുകുമാരൻ, ബൈജു നെടുങ്കേ ലിൽ, വിവിധ വകുപ്പ് ഉദ്യോഗ സ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം 95 ഹെക്ടർ സ്ഥലത്ത് തോട്ടറ പുഞ്ചയിൽ കൃഷി ചെയ്യുകയും 420 ടൺ നെല്ല് സപ്ലൈകോ വഴി വിൽക്കു കയും ചെയ്തു.ഈ വർഷം കൃഷി ചെയ്യാത്ത നിലത്തിന്റെ ഉടമകളെ കണ്ടെത്തിയും കൃഷി ചെയ്യാൻ തയ്യാറാകാത്തവരുടെ നിലം പാട്ടത്തിന് കൊടുത്തും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുത്തും കഴിയുന്നത്ര സ്ഥലം കൃഷിയോഗ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചു
.