മുത്തോലപുരത്തെ അലുമിനിയം ഫാക്ടറിയിൽ പരിശോധന നടത്താൻ മൂന്ന് അംഗ സംഘം എത്തി.
ഇലഞ്ഞി : മുത്തോലപുരത്തെ അലുമിനിയം ഫാക്ടറിയിൽ പരിശോധന നടത്താൻ മൂന്ന് അംഗ സംഘം എത്തി. പഞ്ചായത്തിന്റെ ആവശ്യപ്രകാരം മലിനീകരണ നിയന്ത്രണ വകുപ്പിലെ എൻവയോൺമെന്റ് എൻജിനീയർ സജീഷ് ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇന്നലെ കമ്പനിയിൽ പരിശോധന നടത്തിയത്. രാവിലെ 11.30 ആരംഭിച്ച പരിശോധനകൾ ഉച്ചയ്ക്ക് 1.15 വരെ നീണ്ടു.
കമ്പനിയുടെ പ്രവർത്തനത്തെ തുടർന്നുണ്ടാവുന്ന പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള മലിനീകരണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നാണ് സംഘം പരിശോധിച്ചത്. കമ്പനിക്കകത്ത് അസംസ്കൃത വസ്തുക്കൾ പ്രോസസ് ചെയ്യുന്ന സ്ഥലവും, കെമിക്കലുകൾ സൂക്ഷിക്കുന്ന സ്ഥലവും, ഹീറ്റിംഗ് പ്ലാന്റും,കമ്പനിയിൽ നിന്നുണ്ടാകുന്ന വായു മലിനീകരണവും,മലിനജല സംസ്കരണ സംവിധാനവും അടക്കം പരിശോധിച്ച ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദമായി പഠിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും എന്നും പഞ്ചായത്ത് നൽകിയ പരാതിക്ക് രേഖാമൂലം മറുപടി നൽകുമെന്നും അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അടക്കമുള്ള ജനപ്രതിനിധികളോടും പൊതുജനങ്ങളോടും വിശദമായി പരാതിയെപ്പറ്റി ചർച്ച ചെയ്ത് മനസ്സിലാക്കിയതിനു ശേഷമായിരുന്നു ഉദ്യോഗസ്ഥർ പരിശോധനകൾ ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പരാതിക്കാരുടെ പ്രതിനിധികളും കമ്പനി അധികൃതരും പരിശോധനയിൽ പങ്കെടുത്തു. മലിനജലം നീരുറവകളിലേക്ക് ഒഴുകുന്ന സ്ഥലവും നാട്ടുകാരോടൊപ്പം ഉദ്യോഗസ്ഥർ സന്ദർശിച്ച് രേഖപ്പെടുത്തി. സമീപത്തെ വീടുകളിലും എത്തി പരാതി കേട്ട സംഘം ഇക്കാര്യങ്ങൾ വിശദമായി മേൽ അധികാരികളെ അറിയിക്കുമെന്നും പറഞ്ഞു.
കമ്പനിക്ക് അകത്ത് ജനപ്രതിനിധികൾ കണ്ടെത്തിയ നിയമലംഘനങ്ങൾ രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്യോഗസ്ഥർക്ക് കൈമാറി. സാങ്കേതിക പ്രശ്നങ്ങൾക്കൊപ്പം രേഖാമൂലം നൽകിയ ഈ രേഖകളും ഗൗരവമായി കാണണമെന്ന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മാജി സന്തോഷ്, ജോർജ് ചമ്പമല, സന്തോഷ് കോരപിള്ള, സുരേഷ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോജിൻ ജോൺ, ഉഴവൂർ പഞ്ചായത്ത് അംഗം ജസീന്ത പൈലി, സെക്രട്ടറി തോമസ് ഉമ്മൻ, ഹെഡ് ക്ലാർക്ക് എസ്. അനീഷ്, പ്രതീഷ്, സജിമോൻ, ജോയി അഗസ്റ്റ്യൻ തുടങ്ങിയവർ ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
ഫോട്ടോ : ഇലഞ്ഞി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എഴുതി തയ്യാറാക്കിയ പരാതി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ എൻവയോൺമെന്റ് എൻജിനീയർ സജീഷ് ജോയിക്ക് നൽകുന്നു.