പാതി വഴിയിലായ പെരുവ – പിറവം – പെരുവാംമൂഴി റോഡ് നിർമ്മാണം പുനരാരംഭിക്കാൻ റീ ടെണ്ടർ ചെയ്യും.
പിറവം : പിറവം നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് റീ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ-യുടെ സബ്മിഷനു മറുപടിയായി നിയമസഭയില്‍ അറിയിച്ചു. ഇപ്പോള്‍ പ്രവൃത്തി മുടങ്ങി കിടക്കുന്നത് മൂലം വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണെന്നും സൈഡ് പ്രൊട്ടക്ഷന്‍ ഇല്ലാത്തതു കാരണം അപകടങ്ങള്‍ ഉണ്ടാകുന്നുവെന്നും എം.എല്‍.എ പറഞ്ഞു. സൗജന്യമായി ഭൂമി വിട്ടു നല്കിയവര്‍ക്ക് മതിലുകള്‍ കെട്ടി നല്‍കാന്‍ സാധിച്ചിട്ടില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുന്‍ സമ്മേളനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ വേണ്ടത്ര വേഗത ഉണ്ടായിട്ടില്ലെന്ന് എം.എല്‍.എ ചൂണ്ടി കാട്ടി. ആയതിനാല്‍ ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ മുന്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തെന്നും റീ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. മണ്‍സൂണ്‍ കാലത്ത് റോഡ് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റീ ടെണ്ടര്‍ ചെയ്യുന്നതിനായി പുതിയ ഡി.പി.ആർ . സമര്‍പ്പിക്കുന്നതിനു നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും അതിനു ശേഷം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ-യുടെ സബ്മിഷന് മറുപടി നല്കി.