പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്ര കൗണ്ടറിൽ മോഷണം: പ്രതിയെ അറസ്റ്റ് ചെയ്തു
പിറവം: പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിൽ മോഷണം നടത്തിയ പ്രതിയെ പിറവം പോലീസ് അറസ്റ്റ് ചെയ്തു.
പാഴൂർ പോഴിമല കോളനിയിൽ ജിതീഷ് (ജിത്തു 24 ) നെയാണ് പിറവം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് രാത്രി പത്തു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ മതിലിനകത്ത് സ്ഥിരം വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള ചെറിയ കൗണ്ടറിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലേക്ക് ആവശ്യമായ എണ്ണയും മറ്റ് പൂജാസാധനങ്ങളും നൽകുന്ന കൗണ്ടറാണിത്. വാതിൽ തള്ളിത്തുറന്ന് അകത്തു കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം രൂപ കവർന്നിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിൻ്റെ ചിത്രം പതി ഞ്ഞിരുന്നു. പിറവം എസ്.ഐ. തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് തെളിവുകൾ ശേഖരിച്ചു അന്വേഷണമാരംഭിച്ചിരുന്നു. അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ്. പിറവം പോലീസ് സബ് ഇൻസ്പെക്ടർ തോമസ് ജോസഫ്, അസ്സി.എസ്.ഐ മാരായ മാത്യു ജെയിംസ്, ജിനു.പി തോമസ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചേൽപെട്ടിയിലും പാഴൂരും തെളിവെടുപ്പ് നടത്തി.