ഓട്ടോ മറിഞ്ഞ് ഏഴ് സ്കൂൾ കുട്ടികളും ഡ്രൈവർറും അടക്കം എട്ടു പേർക്ക് പരിക്ക്
പിറവം: സ്കൂളിലേക്ക് കുട്ടികളുമായി പോയ ഓട്ടോ റിക്ഷ മറിഞ്ഞ് നാമക്കുഴി ഗവൺമെൻ്റ് എൽ.പി സ്കൂളിലെ ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. ബുധൻ രാവിലെ 8.45 ഓടെ ഇല്ലിക്കമുക്കട ഇടിയറ കുരിശുപള്ളിക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളായ ഇവാനിയോസ് സിജോ (6), ആഷ്ബേൽ സിജോ (10), വിനയ ബിനു (14), വിസ്മയ ബിനു (7), ഹന്ന സാം (8), അക്സ സാം (10) അനുഗ്രഹ സിജി (11) എന്നിവർക്കും ഓട്ടോ ഡ്രൈവറായ ശ്രീധരൻ (67) എന്നിവർക്കാണ് പരിക്കേറ്റത്.
കൈകൾക്കും തലയ്ക്കും പരിക്കേറ്റ വിനയ, വിസ്മയ, ഇവാനിയോസ്, ആഷ്ബേൽ, ഹന്ന, അനുഗ്രഹ എന്നിവരെ പിന്നീട് പിറവത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഓട്ടോയിൽ ഒൻപതുകുട്ടികളാണ് ഉണ്ടായിരുന്നത്.
വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ മൊഴി നൽകിയിരിക്കുന്നത്.