മുളക്കുളം- വെള്ളൂർ- ചന്തപ്പാലം റോഡ് തകർന്ന് യാത്ര ദുഷ്കരമായി
തലയോലപ്പറമ്ബ്: മുളക്കുളം- വെള്ളൂർ- ചന്തപ്പാലം റോഡ് തകർന്ന് യാത്ര ദുഷ്കരമായി. റോഡിന്റെ തകർച്ചയില്‍ പ്രതിഷേധിച്ച് നാട്ടുകാർ, പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികളില്‍ വാഴയും ഞാറും നട്ടു 112 കോടി രൂപ ചെലവില്‍ ബിഎംബിസി നിലവാരത്തില്‍ റോഡ് പുനർനിർമിക്കുന്നത് ടെൻഡർ നല്കി നിർമാണമാരംഭിച്ചിട്ട് ഇപ്പോള്‍ ഒന്നര വർഷത്തിലധികമായി. എന്നാല്‍ നിർമാണത്തിന്റെ നാലിലൊന്നു ഭാഗംപോലും ഇതുവരെ പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല.
വെള്ളൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഈ റോഡ് മഴക്കാലമായതോടെ വെള്ളക്കെട്ടിലമർന്ന് സഞ്ചാരയോഗ്യമല്ലാതായി. പിറവം റോഡ്, റെയില്‍വേ സ്റ്റേഷൻ, എല്‍പി സ്കൂള്‍, ഹൈസ്കൂള്‍, പഞ്ചായത്ത് ഓഫീസ്, കെപിപിഎല്‍, കെആർഎല്‍, ബാങ്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കടക്കം പോകുന്നതിന് ആശ്രയിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധിത്തവണ അധികൃതർക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.സമരപരിപാടി വെള്ളൂർ പഞ്ചായത്ത് അംഗം കുര്യാക്കോസ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. റോഡ് കുറ്റമറ്റതാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കുര്യക്കോസ് തോട്ടത്തില്‍ പറഞ്ഞു.
പോള്‍ സെബാസ്റ്റ്യൻ, വേണുഗോപാല്‍ പാലക്കാട്ട്, ടി.വി. സേവ്യർ, വി.ടി. പൗലോസ്, ടി.വി. ബാബു, വി.പി. മുരളി, പി.എ. മോഹനൻ, വിനോദ് ചന്ദ്രാമല, ശ്രീധരൻ മൂത്തേടത്ത്, ബിനു ചന്ദ്രാമല തുടങ്ങിയവർ പങ്കെടുത്തു.