രോഗിക്ക് ചികിത്സ സഹായം രണ്ട് ബസ്സുകൾ കാരുണ്യ യാത്ര നടത്തി.
പിറവം: ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുകേഷ് തങ്കപ്പന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പിറവം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന “പവിത്രം”, “തെക്കുംപുറത്ത്”എന്നീ ബസ്സുകളുടെ കാരുണ്യയാത്ര പിറവം പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ചു. ബസ്സിൻ്റെ ഈ യാത്രയിൽ ലഭിക്കുന്ന മുഴുവൻ കളക്ഷനും മുകേഷ് തങ്കപ്പൻ ചികിത്സാ സഹായ നിധിയിലേക്ക് നൽകും.നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം കൗൺസിലർമാരായ രാജുപാണാലിക്കൽ, പി.ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ നേതാക്കളായ സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, സോജൻ ജോർജ് ബസ് ഉടമ സോജൻ തെക്കുംപുറത്ത്, അനന്ദു പാറേക്കുന്ന്, രാജേഷ് എന്നിവർ പങ്കെടുത്തു.ഗുരുതരമായ ബ്ലഡ് ക്യാൻസർ എന്ന രോഗവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ഐ.സി.യു വിൽ കഴിയുന്ന പിറവം നഗരസഭ 22-ാം ഡിവിഷനിലെ മുൻ കൗൺസിലർ കളമ്പൂർ ഐക്കരേത്ത് മുകേഷ് തങ്കപ്പൻ്റെ (35) ചികിത്സയ്ക്ക് വേണ്ടിയാണു ബസ്സുകൾ കാരുണ്യ യാത്ര നടത്തുന്നത്.