കോട്ടയം ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് വിജയം – പിറവംകാരുടെ ചർച്ച പോത്തിറച്ചിക്കറിയും ,പിടിയും.
പിറവം : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ കേരള ജനതയുടെ ശ്രദ്ധ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ പിറവത്തേക്ക്. നാലാൾ കൂടുന്നിടത്തൊക്കെ പോത്ത് പന്തയത്തെ ചൊല്ലിയാണ് സംസാരം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പന്തയം സർവ്വസാധാരണമാണ്. എന്നാൽ പിറവത്തിന്റെ തനത് ഭക്ഷണമായ പിടിയും( അരിയും തേങ്ങയും വെച്ചുള്ള വിഭവം ) രണ്ടു പോത്തിന്റെ ഇറച്ചിക്കറിയും ആണ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ വിജയം പ്രഖ്യാപിച്ചാണ് ഇത്തരമൊരു പന്തയം നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് രാവിലെ 8 30നാണ് സദ്യക്ക് തുടക്കം കുറിക്കുന്നത്. ജനകീയ കൂട്ടായ്മ വഴിയാണ് ഇത്തരം ഒരു ആഘോഷത്തിനു തുക സംഘടിപ്പിക്കുന്നത്. കേരള കോൺഗ്രസ് എം പാർട്ടിക്കാരനും പിറവം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസ് (M)ന്റെ തന്നെ സ്ഥാനാർത്ഥിയുടെ തോൽവി ആഘോഷിക്കാൻ തയ്യാറെടുക്കുന്നത് .കൂടെ കോൺഗ്രസ്സിന്റെ ബ്ലോക്ക് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണലിക്കാൻ, പൊതു പ്രവർത്തകനായ ബേബിച്ചൻ പിറവം, ശ്രീജിത്ത് പാഴൂർ, സുജാതൻ തുടങ്ങിയവരും പന്തയോത്സവത്തിന് നേതൃത്വം നൽകുന്നു.പിറവം ബസ്സ്റ്റാൻഡിന് സമീപം തയ്യാറാക്കുന്ന പന്തലിൽ 2000 പേർക്ക് സദ്യ വിളമ്പും. ഇതിനായി പിറവം കളമ്പൂരിൽ 2 പോത്തുകളെ കണ്ടെത്തി അഡ്വാൻസ് തുകയും നൽകിയതായി പറയുന്നു.ഇതിനെതിരെയും, അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വിവാദം പുകയുന്നുണ്ട്. ജനകീയ കൂട്ടായ്മ്മയിൽ യു.ഡി.എഫ്. അംഗങ്ങൾ കൂടിയുള്ളത് കോൺഗ്രസിലും മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. എന്തായാലും വരുന്ന ചൊവാഴ്ച രാവിലെ പിടിയും പോത്തും കഴിക്കാനുള്ള തയാറെടുപ്പിലാണ് പിറവത്തുകാർ .