നാഷണൽ ഹൈവേ അധികാരികളുടെ അനാസ്തക്കെതിരെ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ്. സൂചനയായി ശവപ്പെട്ടി സമരം നടത്തി.
കോലഞ്ചേരി:കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് നടത്തിവരുന്ന കാന നിർമ്മാണം അശാസ്ത്രീയവും, അപകടവുമേറിയതെന്ന് യൂത്ത് കോൺഗ്രസ്സ്. വാഹനങ്ങളുടെയും യാത്രികരുടെയും ജീവനെടുക്കുന്ന നിലയിലേക്ക് എത്തിച്ചേർന്നിട്ടും അശാസ്ത്രീയമായ നിർമ്മാണ രീതിക്ക് മാറ്റം വരുത്തുന്നതിനോ അപകടങ്ങൾ കുറക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുന്നതിനോ ശ്രദ്ധിക്കാത്ത നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെ “മൃത” തുല്യ പ്രവണതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവപ്പെട്ടി സമരം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജെയ്സൽ ജബ്ബാർ അദ്ധ്യക്ഷനായ ചടങ്ങ് പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പോൾസൺ പീറ്റർ ഉദ്ഘാടനം ചെയ്തു.
കാസ്റ്റിംഗ് യാഡുകളിൽ വെച്ച് കാനകൾ കാസ്റ്റ് ചെയ്യുകയും, കുഴികൾ നിർമ്മിക്കുന്ന സമയത്ത് തന്നെ കാനകൾ സ്ഥാപിച്ച് നിർമ്മാണ പ്രവർത്തി അപകട രഹിതമായി പൂർത്തീകരിക്കാമെന്നിരിക്കെ തിരക്കേറിയതും വീതി കുറഞ്ഞതുമായ കൊച്ചി – മധുര ദേശീയ പാതയോരത്ത് അപകടകരമായ വിധത്തിൽ ആഴമേറിയ കുഴികൾ സൃഷ്ടിച്ച് ആ കുഴികളിൽ കമ്പികെട്ടി കോൺക്രീറ്റ് ചെയ്യുന്നതാണ് ആപൽക്കരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മഴ ശക്തി പ്രാപിക്കുന്നതും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുറക്കാനിരിക്കുന്നതും മതിയായ സുരക്ഷ ബാരിക്കേടുകളോ അപകട മുന്നറിയിപ്പുകളോ സ്ഥാപിക്കാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കും.
അപകടകരവും അപ്രായോഗികവുമായ ഇത്തരം നിർമ്മാണ രീതി അവസാനിപിച്ചില്ല എങ്കിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് യൂത്ത് കോൺഗ്രസ് നീങ്ങുമെന്ന് നിയോജകമണ്ഡലം പ്രസിഡൻ്റ് ജയ്സൽ ജബ്ബാർ അറിയിച്ചു.
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എൽദോ ജോർജ്, അജോ മനിച്ചേരിൽ,ജോർഡിന് കെ ജോയ്,ശ്രീനാഥ് എസ്,സിജു കടക്കനാട്,മുഫസൽ എം.പി,അരുൺ പാലിയത്ത്,ശരത് ശശി,എമി.കെ.എൽദോ,ബേസിൽ കിഴക്കഞ്ചേരിൽ,മുഹമ്മദ് റമീസ്,അമൽ അയ്യപ്പൻകുട്ടി,ഷെഫീഖ് തേക്കലക്കുടി,ഷാഹിർ മുഹമ്മദ്,എൽദോസ് ബാബു,ഷഹനാസ് മുഹമ്മദ്,ഏലിയാസ് ജോസഫ്,ബേസിൽ തങ്കച്ചൻ,എനിൽ ജോയ്,ഫവാസ്,പ്രിൻസ്,ഷാജി വെമ്പിള്ളി,ജോഷി സേവിയർ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം കൊടുത്തു.