പിറവം മേഖലയിൽ അതിശക്തമായ മഴ – കെ.എസ്.ആർ.ടി.സി. ഡിപ്പോ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡുകൾ തകർന്നു. മതിലുകൾ ഇടിഞ്ഞു വീണു .
പിറവം : ചൊവ്വാഴ്ച രാവിലെ മുതൽ പെയ്‌ത കനത്ത മഴയിൽ
പിറവം കെ. എസ് .ആർ.ടി. സി ഡിപ്പോ വെള്ളത്തിൽ ‘മുങ്ങി. വർക്ക് ഷോപ്പ് , ഓഫീസ്, പാർക്കിങ് ഏരിയ ഭാഗം പൂർണമായും വെള്ളം കയറി.സ്റ്റാൻ്റിൽ നിന്നുള്ള ഗതാഗതം മുടങ്ങി. ഓഫീസിലുള്ള സാധനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റി . ഡിപ്പോയുടെ പിറകിലുള്ള ഓട വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത നിലയിൽ മണ്ണ് മൂടി കിടക്കുകയാണ്. മാത്രമല്ല ഡിപ്പോയുടെ ഒരു ഭാഗത്തെ മതിൽ ഇടിഞ്ഞു വീണു കിടക്കുന്നതിനാൽ പുറത്ത് നിന്നുള്ള വെള്ളം ഡിപ്പോയിലേക്കാണ് ഒഴുകിയെത്തുന്നത് . ഓട നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതാണ് ഇത്രയും വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. പാഴൂർ നാവാലിപ്പടിയിൽ ടോണി മാത്യുവിൻ്റെ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞ് വീടിന് കേടുപാടുണ്ടായി. പാഴൂർ അംഗൻവാടി റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പിറവം കെയർവെൽ ആശുപത്രിക്ക് എതിർവശത്തെ എംകെ എം എൽ പി സ്കൂൾ 15 അടി ഉയരമുള്ള കരിങ്കൽകെട്ടും മതിലും റോഡിലേക്ക് ഇടിഞ്ഞു വീണു. പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി.