കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരില്‍ വ്യാജ ജൈവ വള വില്‍പന സജീവം.
കൂത്താട്ടുകുളം: കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരില്‍ വ്യാജ ജൈവ വള വില്‍പന സജീവം. ഇത് ദുർഗന്ധത്തിനും പരിസരമലിനീകരണത്തിനുമിടയാക്കുന്നതായി പരാതിയുണ്ട്.സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിലാണ് ഏജൻസികള്‍ വ്യാജ ജൈവ വളം എത്തിക്കുന്നത്.
സർക്കാർ ഫാമിലെ വളമാണെന്നതിന് ലേബലോ ഏജൻസിക്കാരുടെ കൈവശം ആധികാരികമായ രേഖകളോ ഇല്ല. കൂത്താട്ടുകുളം നഗരസഭയിലെ ജനസാന്ദ്രതയേറിയ സൗത്ത് റെസിഡൻറ്സ് പ്രദേശത്ത് പതിവായി ജൈവവളമെന്ന പേരില്‍ ചാക്കില്‍ നിറച്ച മാലിന്യം വാഹനങ്ങളിലെത്തിച്ച് അട്ടിയിട്ട് വെക്കുകയാണ്. മഴക്കാലമായതോടെ ചാക്കില്‍ നിന്ന് ദുർഗന്ധം വമിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.വെള്ളിയാഴ്ച രാവിലെ ആട്ടിൻകാഷ്ഠ വളമെന്ന പേരില്‍ മാലിന്യം നിറച്ച ഇരുന്നൂറിലധികം ചാക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാർ നഗരസഭ അധികൃതരെയും പൊലീസിനെയും
വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ദുർഗന്ധം വമിക്കുന്ന ചാക്കുകള്‍ മാറ്റാൻ അധികൃതർ നിർദേശിച്ചു. മാലിന്യം കൃഷിയാവശ്യത്തിനാണെന്നും രേഖകളും ബില്ലും വേണ്ടെന്നുമാണ് ഏജൻസിക്കാരുടെ വാദം.