നെല്ലൂരുപാറ റോഡ്ന്റെ റീടറിങ് പ്രവർത്തനങ്ങൾ പിഴയുന്നതായി പരാതി
ഇലഞ്ഞി : നെല്ലൂരുപാറ റോഡ്ന്റെ റീടറിങ് പ്രവർത്തനങ്ങൾ പിഴയുന്നതായി പരാതി. 2023 ലെ ബഡ്ജറ്റിൽ വകയിരുത്തി ജലജീവൻ പദ്ധതിയിൽപെട്ട കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ റോഡിന്റെ വർഷങ്ങളിൽ കുഴിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് കാലതാമസം വന്നതിനാൽ ആണ് റീടാറിങ് ജോലികൾ വൈകുന്നത്.
കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡരികിൽ എടുത്ത കുഴികളിൽ വലിയ പാറക്കലുകൾ കണ്ടതോടെ നിർമ്മാണ ജോലികളിലെ വേഗത കുറയുകയായിരുന്നു. കുഴികളിൽ നിന്നും പാറക്കല്ലുകൾ നീക്കം ചെയ്യുന്നത് ശ്രമകരമായ ജോലി ആയതിനാൽ പണികൾ പതിവിലും വൈകിയാണ് ഈ ഭാഗങ്ങളിൽ പൂർത്തിയായത്.
പൈപ്പിടുന്ന ജോലികൾ പൂർത്തിയായിട്ടും കുഴികളിൽ നിന്നും നീക്കം ചെയ്ത കല്ലുകൾ റോഡ് അരികിൽ തുടരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഈ കല്ലുകൾ റോഡിൽ നിന്നും നീക്കം ചെയ്താൽ മാത്രമാണ് റീടാറിങ് ജോലികൾ ചെയ്യുവാൻ കഴിയുള്ളൂ. വിസാറ്റ് എൻജിനീയറിങ് കോളേജിലേക്ക് ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന വഴിയാണ് ഇത്തരത്തിൽ നിർമ്മാണം എങ്ങും എത്താതെ തുടരുന്നത്.
മഴ ആരംഭിക്കുന്നതിനു മുമ്പ് റോഡിലെ കല്ലുകൾ നീക്കി നിർമ്മാണം ഉടനടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോജിൻ ജോൺ അരഞ്ഞാണി, ആർജെഡി നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.പ്രശാന്ത് എന്നിവർ വാട്ടർ അതോറിറ്റി, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് പരാതി നൽകി. റോഡിലെ നിലവിലെ തടസ്സങ്ങൾ നീക്കി ജോലികൾ ഉടൻ ആരംഭിക്കാമെന്ന് മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനീയർ ജൂലിയൻ ജോസ് ഉറപ്പ് നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് അംഗം പറഞ്ഞു.
ഫോട്ടോ : മൂവാറ്റുപുഴ റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിയൻ ജോസുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോജിൻ ജോണും, പി.ജി.പ്രശാന്തും ചർച്ച നടത്തുന്നു.