കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളി ക്യാമ്പുകൾക്ക് പൂട്ട് വീണു.
കൂത്താട്ടുകുളം : അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ മിന്നൽ പരിശോധന. ക്യാമ്പുകളിൽ അനധികൃതമായി തൊഴിലാളികളെ താമസിപ്പിക്കുകയും ക്യാമ്പുകളിലെ മാലിന്യം പൊതു ഓടകളിലേക്കും തോട്ടിലേക്കും നിക്ഷേപിക്കുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ 11 മുതൽ ആണ് പരിശോധന ആരംഭിച്ചത്.
പരിശോധനയിൽ രാമപുരം കവലയിൽ പൊതു കിണറിന് സമീപം വൃത്തിഹീനമായി സാഹചര്യത്തിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളികളുടെ ക്യാമ്പ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. തേക്കുംകാട്ടിൽ തമ്പിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്യാമ്പ് പ്രവർത്തിച്ചിരുന്നത്.
ഇതോടൊപ്പം ടൗൺ തൊടിന് സമീപത്തെ ക്യാമ്പുകളിലും പരിശോധന നടന്നു. താമസസ്ഥലങ്ങളിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായി കുഴൽ കണ്ടെത്തിയതിനെ തുടർന്ന് 9 കെട്ടിട ഉടമസ്ഥർക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച് നഗരസഭയിൽ അറിയിക്കണം എന്നാണ് നഗരസഭ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടൊപ്പം അനധികൃതമായി അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന മൂന്ന് കെട്ടിട ഉടമകൾക്കും നോട്ടീസ് നൽകി.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നതായും തൊഴിലാളികൾക്ക് ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതായിയും പരിശോധനയിൽ കണ്ടെത്തി. രണ്ടുപേർക്ക് താമസിക്കാവുന്ന ഇരുൾ മുറികളിൽ ആറും, പത്തും ആളുകളാണ് താമസിക്കുന്നത്. പല സ്ഥലങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതും തുണികൾ കഴുകുന്നതും ഒരു മുറിയിൽ തന്നെയാണ്. ഉപയോഗശേഷം ഉള്ള മലിനജലം ടൗൺ തോട്ടിലേക്ക് ഒഴുക്കി വിടുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ടൗണിൽ പരക്കെ പരിശോധന നടത്തിയത്.
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾക്ക് പുറമേ മാർക്കറ്റ് റോഡിലെ ഹോട്ടലുകളിലും പരിശോധന നടന്നു. മാർക്കറ്റ് റോഡിലെ പൊറോട്ട കടക്കും ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. വൃത്തഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനെ തുടർന്നാണ് സ്ഥാപനത്തിന് നോട്ടീസ് നൽകിയത്.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനീഷ് ദേവ്, പി.എം.ആസിഫ്, അജേഷ് പി. ജോൺ, നഗരസഭ ജീവനക്കാരായ ജോമിറ്റ് പി. ജോസ്, ജെ.എൻ.അമൽ
എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഇത് രണ്ടാം ദിവസമാണ് കൂത്താട്ടുകുളത്ത് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കോഴിപ്ലാക്കിൽ ബിൽഡിങ്സിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് ഉദ്യോഗസ്ഥർ പൂട്ടിച്ചിരുന്നു.
വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോട്ടോ : കൂത്താട്ടുകുളത്ത് മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പൊറോട്ട കട എന്ന സ്ഥാപനത്തിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു