കുടിവെള്ള ദുരുപയോഗത്തിനെതിരെ കർശന നടപടികളുമായി വാട്ടർ അതോറിറ്റി
പിറവം: കടുത്ത വേനൽ തുടരുന്ന സാഹചര്യത്തിൽ കുടിവെള്ള ദുരുപയോഗത്തിനെതിരെ കർശന നടപടികളുമായി വാട്ടർ അതോറിറ്റി പിറവം ഡിവിഷൻ. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ 15 കേസുകളിൽ നിന്നായി അറുപത്തിരണ്ടായിരം രൂപ പിഴ ഈടാക്കി. വാട്ടർ കണക്ഷനിൽ അനധികൃതമായി ഹോസ് ഘടിപ്പിച്ച് കിണറുകളിൽ ഇടുകയും ചെടികളും വൃക്ഷങ്ങളും നനയ്ക്കുകയും മീറ്ററിൽ കത്രിമത്വം കാണിക്കുകയും ചെയ്ത കേസുകളിലാണ് നടപടി.
വേനൽ കടുത്തത് പിറവം സബ് ഡിവിഷന് കീഴിലുള്ള പിറവം നഗരസഭയിലും ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, മണീട്, രാമമംഗലം, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ, മുളന്തുരുത്തി തുടങ്ങി എട്ട് പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമമുണ്ട്. ചില സ്ഥലങ്ങളിൽ ഉപഭോക്താക്കൾ പൊതുടാപ്പുകളും വാട്ടർ കണക്ഷനുകളും ദുരുപയോഗം ചെയ്യുന്നത് മൂലം മറ്റുള്ളവർക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ വാട്ടർ കണക്ഷൻ വിച്‌ഛേദിക്കുകയും നിയമാനുസരണം പിഴ ഈടാക്കുമെന്നും, വരും ദിവസങ്ങളിലും തുടർപരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.കുടിവെള്ള ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ പിറവം, ഇലഞ്ഞി, സെക്ഷനു കീഴിലുള്ളവർക്ക് 0485 2243356 എന്ന നമ്പറിലും മുളന്തുരുത്തി സെക്ഷന് കീഴിൽ വരുന്നവർക്ക് 0484 2743885 എന്ന നമ്പറിലും വിവരം അറിയിക്കാം .