അരുതേ…….. “തീ ചൂടിൽ വെന്തുരുകുന്ന മിണ്ടാപ്രാണികൾ. “
കോലഞ്ചേരി: നട്ടുച്ചയ്ക്ക് തിളച്ച് മറിയുന്ന കനത്ത ചൂടിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ അകപ്പെട്ട വളർത്ത് മൃഗങ്ങൾ നൊമ്പര കാഴ്ച്ചയായി മാറി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് പൊള്ളുന്ന വെയിൽ ചൂടേറ്റ് പെട്ടി ഓട്ടോയിൽ അകപ്പെട്ട ആട്ടിൻ കൂട്ടത്തെ കാണുന്നത്. പൊള്ളുന്ന വെയിലിനൊപ്പം റോഡിലെ ടാറിൻ്റെ ചൂടും, വാഹനത്തിലെ തകിടിൻ്റെ ചൂടും – ഭയവും – ദാഹവുമെല്ലാം ഇവയെ കൊല്ലാതെ കൊല്ലുന്നതിന് സമമാക്കി. മിണ്ടാപ്രാണിയായ വളർത്ത് മൃഗങ്ങളെ ഉഷ്ണ തരംഗ സാധ്യത നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ വെയിലത്ത് കെട്ടിയിടരുതെന്ന് ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങൾ മുന്നറിയിപ്പ് നല്കുന്നതെല്ലാം പാടെ അവഗണിച്ചാണ് നട്ടുച്ചയ്ക്ക് നിർത്തിയിട്ട പെട്ടി ഓട്ടോയിൽ ടൗണിൽ ഇവയെ കാണാനിടയായത്. തള്ളയും കുഞ്ഞുങ്ങളുമുൾപ്പെടുന്ന ആടിൻ സംഘവും ഇതിലുണ്ടായിരുന്നു. വിഷയത്തിൽ വേണ്ട രീതിയിലുള്ള ജാഗ്രത ഉണ്ടാകണമെന്നാണ് പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
ഫോട്ടോ: ഇന്നലെ നട്ടുച്ചയുടെ പൊള്ളുന്ന വെയിലിൽ കോലഞ്ചേരി ടൗണിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ കയറ്റിയിരിക്കുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ആട്ടിൻകൂട്ടങ്ങൾ.
(ചിത്രവും എഴുത്തും-സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)