നിയന്ത്രണംവിട്ട കാർ ഇടിച്ച് യുവാവിന് പരുക്ക്
പിറവം : ഓണക്കൂറിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് മറിഞ്ഞ് വഴിയരുകിൽ നിന്ന യുവാവിന് പരുക്ക്. ബുധൻ വൈകിട്ട് 4.15 ഓടെ ഓണക്കൂർപാലം കവലയിലാണ് അപകടം നടന്നത്. കരിമ്പിൻ ജ്യൂസ് വിൽക്കുന്ന വഴിയോര കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. കടയുടെ മുമ്പിൽ ജ്യൂസ് കുടിച്ചുകൊണ്ടിരുന്ന കൊല്ലം സ്വദേശി സാജൻ (38) നാണ് പരിക്കേറ്റത്. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രയ്ക്കിടെ ജ്യൂസ് കുടിക്കാൻ ഇറങ്ങിയതായിരുന്നു. കടയുടമയുടെ കാലിനും ചെറിയ പരുക്കുണ്ട് . കാർ 10 അടി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും വാഹനം ഓടിച്ചയാൾക്ക് കാര്യമായ പരുക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു.